ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു;യുവതി ഓവുചാലില്‍ പ്രസവിച്ചു

Saturday 16 December 2017 4:52 pm IST

ഭുവനേശ്വര്‍: ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മടക്കിയയച്ച ഗര്‍ഭിണി ആശുപത്രി പരിസരത്തെ ഉപയോഗ ശൂന്യമായ ഓവുചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രി കാന്റീന് സമീപത്തെ ഓവുചാലില്‍ വച്ചാണ് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.  ജനിഗുഡ ഗ്രാമസ്വദേശിനിയാണ് യുവതി.

പനി ബാധിച്ച് ആശുപത്രില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം എത്തിയതാണ് യുവതി. പ്രസവവേദനയെ തുടര്‍ന്ന് പ്രസവവാര്‍ഡിലെത്തിയെങ്കിലും മതിയായ രേഖകളില്ലെന്ന കാരണത്താല്‍ അധികൃതര്‍ ചികിത്സ നിഷേധിച്ച് തിരിച്ചയച്ചത്. തുടര്‍ന്നാണ് സമീപത്തെ ഓവ് ചാലില്‍ പ്രസവിച്ചത്.

പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി അശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയംആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചെന്ന യുവതിയുടെ ബന്ധുക്കളുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കൊറാപുത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ രാത്ത് പറഞ്ഞു.