സൈനിക പരിശീലന കേന്ദ്രത്തില്‍ ട്രെയിനികളുടെ ഫോണുകള്‍ തകര്‍ത്തു

Sunday 17 December 2017 2:45 am IST

ന്യൂദല്‍ഹി: മധ്യപ്രദേശിലെ സൈനിക പരിശീലനകേന്ദ്രമായ മഹര്‍ റെജിമെന്റില്‍ നിയമം ലംഘിച്ചതിന് ട്രെയിനികളുടെ മൊബൈല്‍ഫോണുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണുകള്‍ ട്രെയിനികള്‍ക്കു മുന്‍പില്‍ വച്ചുതന്നെ കല്ലുകള്‍കൊണ്ട് അടിച്ചു തകര്‍ക്കുകയാണ് ചെയ്തത്.

ചൈന ഗ്ലോബല്‍ വിഷന്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റാണ് വെള്ളിയാഴ്ച ദൃശ്യങ്ങളടക്കം പുറത്തുവിട്ടത്. 50ഓളം പേരുടെ മൊബൈല്‍ഫോണുകളാണ് നശിപ്പിക്കപ്പെട്ടത്. 2015 സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. കായികാഭ്യാസ സമയത്തും ആയുധപരിശീലന സമയത്തും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിയമം. എന്നാല്‍ അച്ചടക്കലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നുമാണ് സൈനീക കേന്ദ്രത്തില്‍ നിന്നുള്ള വിശദീകരണം.

ട്രെയിനികള്‍ ഇതിനു മുന്‍പും അച്ചടക്കലംഘനം നടത്തിയതിന് ഉദ്യോഗസ്ഥരില്‍ നിന്നും ശാസന നേരിട്ടിരുന്നു. എന്നാല്‍ വീണ്ടും അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

സൈന്യവും പരിശീലനകേന്ദ്രവും അതിന്റേതായ അച്ചടക്കത്തോടെയാണ് നിലനില്‍ക്കുന്നത്. അച്ചടക്കം അവിഭാജ്യഘടകമാണെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് കഠിനശിക്ഷതന്നെയാകും ലഭിക്കുകയെന്നും മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ വ്യക്തമാക്കി.