ആയുഷിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 2400 കോടി

Sunday 17 December 2017 2:46 am IST

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ പദ്ധതിയായ ദേശീയ ആയുഷ് മിഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2400 കോടി രൂപ അനുവദിച്ചു. 2017 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള മൂന്നുവര്‍ഷത്തേക്കാണ് തുക അനുവദിച്ചത്.

2014 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്. ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരം നല്‍കുക, മെഡിക്കല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താനും, സിദ്ധ-യുനാനി, ഹോമിയോപ്പതി മരുന്നുകള്‍ ഉദ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ദേശീയ ആയുഷ് മിഷന്റെ ലക്ഷ്യം.

ആയുഷ് ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും നിലവാരം ഉയര്‍ത്തുക, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് അനുബന്ധ യൂണിറ്റുകളുണ്ടാക്കുക, ആയുഷ് പഠനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ തുടങ്ങിയവയുടെ സംവിധാനം സംസ്ഥാനതലത്തില്‍ ശക്തിപ്പെടുത്തുക, ഔഷധസസ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതിലൂടെ ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയവയാണ് ഇതുവരെയുണ്ടായിരുന്ന പ്രവര്‍ത്തനങ്ങള്‍.

ആയുഷ് വഴിയുള്ള ആരോഗ്യപരിപാലനത്തിനും അവയ്ക്കായി മികച്ച സംവിധാനങ്ങളും മരുന്നുകളും തിരഞ്ഞെടുക്കപ്പെട്ടരിലൂടെ ജനങ്ങളിലെത്തിക്കുക, ആയുഷ് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സംവിധാനങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെത്തിക്കുക.

ആയുഷ് വഴി എത്തിക്കുന്ന ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഇതിനായി ഡ്രഗ് ടെസ്റ്റ് ലബോറട്ടറികളുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുക, യോഗയുടെയും നാച്ചുറോപ്പതിയുടെയും പ്രചാരം വര്‍ദ്ധിപ്പിക്കുക, തദ്ദേശീയമായി ഔഷധസസ്യങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ഉദ്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.