സിറിയന്‍ സമാധാന ചര്‍ച്ച പരാജയം

Saturday 16 December 2017 7:29 pm IST

ജനീവ :സിറിയയിലെ  ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ യു എന്‍ മദ്ധ്യസ്ഥതയില്‍  ജനീവയില്‍ നടന്ന തുടര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. സുവര്‍ണാവസരം നഷ്ടപ്പെടുത്തിയെന്ന് സിറിയയിലെ പ്രത്യേക യുഎന്‍ ദൂതന്‍ സ്റ്റാഫന്‍ ഡി മിസ്തുറ തുറന്നു സമ്മതിച്ചു.

പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ മൂന്നുപാധികള്‍ വച്ചുള്ള സിറിയന്‍ സര്‍ക്കാര്‍ നയത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. വ്യത്യസ്താഭിപ്രായമുള്ളവരെ അംഗീകരിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍  ഒരു ചര്‍ച്ചയിലും പുരോഗതിഉണ്ടാവില്ലെന്നും  അദ്ദേഹം  പറഞ്ഞു.

സിറിയന്‍ സംഘര്‍ഷം അവസാനിപ്പിച്ച് രാഷ്ടീയ സ്ഥിരത ഉറപ്പുവരുത്താന്‍ അംഗീകരിച്ച രണ്ട് സുപ്രധാന അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധിസംഘം തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന പ്രക്രിയ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവയാണ് ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നത് .ജനീവയില്‍ നടന്ന എട്ടാം ഘട്ട ചര്‍ച്ചയാണ് വ്യാഴാഴ്ച തീരുമാനമാകാതെ അവസാനിച്ചത്.