പാര്‍ലമെന്റ് സമ്മേളനത്തിന് എംപി എത്തിയത് ട്രാക്ടറില്‍

Sunday 17 December 2017 2:46 am IST

ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എംപി ദുഷ്യന്ത് ചൗത്താല എത്തിയത് ട്രാക്ടറില്‍. ട്രാക്ടറിനെ കാര്‍ഷിക വാഹനങ്ങളില്‍ നിന്ന് ഒഴിവാക്കി സാധാരണ വാഹനമായി കണക്കാക്കിയതില്‍ പ്രതിഷേധിച്ചാണിത്. ലോക്‌സഭ റോഡിലൂടെ പരസ്യമായി വാഹനം ഓടിച്ചാണ് സഭാ കവാടത്തിനുള്ളില്‍ സമ്മേളനത്തിനായി എത്തിയത്.

കാര്‍ഷിക വാഹനമായി ട്രാക്ടര്‍ പരിഗണിക്കാത്തതിനാല്‍ കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റും കയറ്റുമ്പോള്‍ ചരക്കുനികുതി കൊടുക്കേണ്ടതായുണ്ട്.പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നും ചൗത്താല ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി കൂടിയാണ് ദുഷ്യന്ത്.

ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ എംപിമാര്‍ ഇതിനു മുമ്പും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2016ല്‍ ദല്‍ഹി എഎപി സര്‍ക്കാരിന്റെ ഒറ്റ, ഇരട്ട സംഖ്യയിലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതിനെ തുടര്‍ന്ന് ബിജെപി എംപി രാം പ്രസാദ് ശര്‍മ്മ പാര്‍ലമെന്റിലെത്തിയത് കുതിരപ്പുറത്താണ്.

കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളും, ബിജെപി എംപിമാരായ മന്‍സുഖ് എല്‍. മണ്ഡവ്യ, മനോജ് തിവാരി എന്നിവരും സൈക്കിളില്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ട്. വനിതാ ദിനത്തില്‍ കോണ്‍ഗ്രസ് എംപി രണ്‍ജീത് രഞ്ജന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ എത്തിയതും വാര്‍ത്തയായിരുന്നു.