ചോര്‍ന്ന കരുത്ത് തിരികെപ്പിടിക്കാന്‍ ഭായിമാരെ കൂട്ടുപിടിച്ച് സിപിഎം

Sunday 17 December 2017 2:46 am IST

കൊച്ചി: കാര്‍ഷിക, വ്യവസായ മേഖലകളെ മറന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഒപ്പം കൂടുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. കള്ള് ചെത്ത്, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതായതോടെ നാട്ടുകാരായ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് വ്യാപകമായി.

നെല്‍ക്കൃഷി മേഖലയിലും ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് അധികവും. ഈ സാഹചര്യത്തിലാണ് നാട്ടുകാരായ തൊഴിലാളികളുടെ അഭാവം നികത്താന്‍ ഇതരസംസ്ഥാന തൊഴിലാളികളെ സര്‍ക്കാര്‍ ഒപ്പം കൂട്ടുന്നത്. നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതും ഇവരുടെ പിന്തുണ പ്രതീക്ഷിച്ച്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി 10 കോടി രൂപക്ക് ‘അപ്‌നാ ഘര്‍’ പാര്‍പ്പിട സമുച്ചയം ജനുവരിയില്‍ കഞ്ചിക്കോട്ട് ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലും സമുച്ചയത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ 15,000 രൂപയുടെ സൗജന്യ ചികിത്സയും, അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കാന്‍ ആവാസ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ നിശ്ചയിക്കനുള്ള തീരുമാനം വൈകിയതോടെ, പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി വഴി ധനസഹായം നല്‍കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു.

ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും ഇവരെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ ഇല്ലാത്തത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. മിക്ക കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പങ്കുണ്ട്. നാല് ദിവസം മുമ്പ് നടന്ന ജിഷ വധക്കേസിന്റെ വാദത്തിലും സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി അമീറുള്‍ ഇസ്ലാമിന്റെ താമസ സ്ഥലം കണ്ടെത്താന്‍ പോലും അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടി.

തൊഴില്‍ വകുപ്പിന് വേണ്ടി 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷം മുമ്പ് കേന്ദ്ര ഏജന്‍സിയും നല്‍കിയ റിപ്പോര്‍ട്ടുകളാണ് കണക്കിനായി ആശ്രയിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2013ല്‍ 25 ലക്ഷവും, 2016ന്റെ തുടക്കത്തില്‍ 40 ലക്ഷവും ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്ന് ഇവരുടെ എണ്ണം അരക്കോടിയിലേക്ക് എത്തിയിട്ടുണ്ടാകും. ആവാസ് പദ്ധതി പ്രകാരവും ഇവരുടെ കൃത്യമായ കണക്ക് ലഭിക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

കേന്ദ്ര ഏജന്‍സിയുടെ കണക്ക് പ്രകാരം എറ്റവുമധികം തൊഴിലാളികളെത്തുന്ന എറണാകുളം ജില്ലയില്‍ മാത്രം ഇവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിനടുത്താണ്. എന്നാല്‍ ലേബര്‍ ഓഫീസുകളിലെ കണക്കുകള്‍ പ്രകാരം ആവാസ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി ഇതിന്റെ 30 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്.