സാക്കിര്‍ നായിക്കിനെതെരെ റെഡ് കോര്‍ണര്‍ നോട്ടീസ്; ഇന്ത്യയുടെ ആവശ്യം തള്ളി

Sunday 17 December 2017 10:09 am IST

ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതെരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളി. ഇന്റര്‍പോളിന്റെ എല്ലാ ഓഫീസുകളിലുമുള്ള സാക്കിറിനെക്കുറിച്ചുള്ള രേഖകള്‍ നീക്കംചെയ്യാനും ഉത്തരവായിട്ടുണ്ട്.

എന്‍ഐഎ അപേക്ഷ നല്‍കിയ സമയത്ത് സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ആവശ്യം ഇന്റര്‍പോള്‍ തള്ളിയത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇന്റര്‍പോള്‍ സാക്കിറിന്റെ അഭിഭാഷകന് അയച്ചതായി അദ്ദേഹത്തിന്റെ വിശ്വസ്തരിലൊരാള്‍ പറഞ്ഞു. ഇപ്പോള്‍ വിദേശത്തുള്ള സാക്കിറിനെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

ഇന്റര്‍പോളിന് പുതിയ ഒരപേക്ഷ തിങ്കളാഴ്ച്ച നല്‍കുമെന്ന എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ പ്രത്യേക കോടതി മുൻപാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കുമെന്നും എന്‍ഐഎ അറിയിച്ചു.