പയ്യാവൂര്‍: കൊലപാതക കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാജസ്ഥാന് സ്വദേശിയെ ശ്രീകണ്ഠപുരത്ത് പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് കറോളികൊയിലി സ്വദേശി മഹേഷ് കുമാര്‍ മീണ (21) ആണ് പിടിയിലായത്. ജ്വല്ലറി കവര്‍ച്ച ഉള്‍പ്പെടെ പത്തോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അറസ്റ്റിലായി റിമാന്റ് കാലാവധി കഴിഞ്ഞശേഷം മുങ്ങുകയായിരുന്നു.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഇയാളുടെ മാതൃസഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതൃസഹോദരി രാജസ്ഥാന് കറോളി ഗഡ്മുറയിലെ പൂള് മണിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവിനെയും സഹോദരനെയും രാജസ്ഥാന് പോലീസ് അറസ്റ്റുചെയ്തിരുന്നു. പോലീസിനെ വെട്ടിച്ച് കേരളത്തിലേക്ക് രക്ഷപ്പെട്ട ഇയാളെ വിദഗ്ധമായ അന്വേഷണത്തിലാണ് പിടികൂടാന്‍ കഴിഞ്ഞത്.
ഐച്ചേരിയിലെ വാടക വീട്ടില്‍ താമസിച്ച് മാര്‍ബിള്‍ പണി ചെയ്ത്വരികയായിരുന്നു ഇയാള്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജസ്ഥാന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ശ്രീകണ്ഠപുരത്ത് ഉള്ളതായി തെളിഞ്ഞത്. തുടര്‍ന്ന് ശ്രീകണ്ഠപുരം പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: