ചരിത്രത്തിനരികെ സിന്ധുവിനു കാലിടറി

Sunday 17 December 2017 6:17 pm IST

ന്യൂദല്‍ഹി: ചരിത്രത്തിനരികെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനു കാലിടറി. ദുബായ് ലോക സൂപ്പര്‍ സീരീസ് ഫൈനലില്‍ ജപ്പാന്റെ അകാനെ യാമഗുച്ചിയോട് സിന്ധു തോല്‍വി വഴങ്ങി. ആദ്യ സെറ്റ് സ്വന്തമാക്കിയശേഷം തുടര്‍ച്ചയായി രണ്ടു സെറ്റുകള്‍ നഷ്ടപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 15-21, 21-12, 21-19.

ജയിച്ചാല്‍ ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മുന്നില്‍ക്കണ്ടാണ് സിന്ധു യാമാഗുച്ചിയെ നേരിടാനിറങ്ങിയത്. എന്നാല്‍ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം പൊരുതിക്കയറി യാമാഗുച്ചി കിരീടം അടിച്ചെടുക്കുകയായിരുന്നു. മത്സരം ഒന്നരമണിക്കൂറിലേറെ നീണ്ടു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധുവിനോടേറ്റ തോല്‍വിക്കു പകരം വീട്ടാനും യാമാഗുച്ചിക്കായി. ചൈനയുടെ ചെന്‍ യുഫേയ്യെ സെമിയില്‍ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ ഇടംപിടിച്ചത്.

2011ല്‍ സൈന നെഹ്‌വാളും 2009ല്‍ മിക്‌സഡ് ഡബിള്‍സില്‍ വി.ദിജു-ജ്വാല ഗുട്ട സഖ്യവും സൂപ്പര്‍ സീരിസ് ഫൈനലില്‍ കടന്നിരുന്നെങ്കിലും വെള്ളികൊണ്ടു തൃപ്തിപ്പെടാനായിരുന്നു വിധി. സീസണിലെ അവസാന ടൂര്‍ണമെന്റായിരുന്നു ദുബായ് സൂപ്പര്‍ സീരീസ്.