വിവിധ പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ അണി ചേര്‍ന്നവരെ സ്വീകരിച്ചു

Monday 18 December 2017 1:00 am IST

പത്തനംതിട്ട: നേതാക്കളടക്കം വിവിധ പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെ ജില്ലാനേതൃ യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കേരളാ കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാ സെക്രട്ടറി ജോണ്‍ ജേക്കബ്, യൂത്ത് ഫ്രണ്ട് (പി.സി.ജോര്‍ജ്) ജില്ലാ സെക്രട്ടറി ഏബ്രഹാം ഫിലിപ്പ്, ജില്ലാ സഹകരണ ആശുപത്രി മുന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ്, ഡിവൈഎഫ്‌ഐ നേതാവ് ശ്രീലാല്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രവീന്ദ്രന്‍ നായര്‍ തുടങ്ങിയവരടക്കം മുപ്പതോളം ആളുകളാണ് ബിജെപിയില്‍ അണിചേര്‍ന്നത്. ഇന്നലെ റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തിലാണ് മറ്റ് പാര്‍ട്ടികള്‍ വിട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബിജെപി അംഗത്വം സ്വീകരിക്കാന്‍ എത്തിയത്.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരിതവും പ്രശ്‌നങ്ങളും കോണ്‍ഗ്രസിന് പ്രസംഗ വിഷയം മാത്രമാകുമ്പോള്‍ അവ പരിഹരിക്കുന്നത് ബിജെപിക്ക് അനുഷ്ഠാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഓഖിദുരന്ത ബാധിതരുടെ വീടുകളില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. ജനരോഷം ഭയന്ന് സംസ്ഥാന മന്ത്രിമാര്‍ മേഖലയില്‍ എത്താന്‍ വൈകിയപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തീരദേശവാസികള്‍ക്ക് സാന്ത്വനമായി. ദുരന്തത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതും മത്സ്യത്തൊഴിലാളികളെ വിവരം അറിയിക്കാതിരുന്നതുമാണ് മരണനിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം 1025 കോടി നല്‍കിയെങ്കിലും ഏഴുകോടി മാത്രമാണ് ചിലവഴിച്ചത്. ഒന്‍പത് അംഗങ്ങളുള്ള അതോറിട്ടിയിലെ ഒരേഒരു സാങ്കേതിക വിദഗ്ധന്‍ ദുരന്തം ഉണ്ടായ സമയത്ത് വിദേശത്തായിന്നതും പ്രവര്‍ത്തനത്തെ ബാധിച്ചു. കെട്ടൊടുങ്ങിയ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് എന്തു നേട്ടം ലഭിക്കുമെന്ന് പറയാന്‍ പോലും നേതൃത്വത്തിന് കഴിയുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ജില്ലാപ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശ്, സംസ്ഥാന സെക്രട്ടറി എല്‍.പത്മകുമാര്‍, ദേശീയസമിതി അംഗം വി.എന്‍.ഉണ്ണി, സംസ്ഥാന സമിതി അംഗം ടി.ആര്‍.അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്‍.നായര്‍, അഡ്വ.എസ്.എന്‍. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.