'സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ അവഗണിച്ചു'

Monday 18 December 2017 2:00 am IST

ആലപ്പുഴ: മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും മത്സ്യത്തൊഴിലാളികളെ അവഗണിച്ചതായി അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. മത്സ്യത്തൊഴിലാളി സംഗമത്തില്‍ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തീരദേശ മേഖലയില്‍ ഇടതുപക്ഷം ജയിച്ചിരുന്നത് മത്സ്യത്തൊഴിലാളികളുടെയും വോട്ടു നേടിയാണെന്നത് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പ്രതിപക്ഷം അനങഅങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
നിയമസഭയില്‍ പ്രതിപക്ഷം ഉണ്ടോയെന്ന് സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി മേഖലകളില്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകണമെന്നും രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സ്വത്വം തിരിച്ചറിയണം. പാരമ്പര്യത്തില്‍ അഭിമാനം ഉള്ള ചരിത്ര ബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.