റോഡരികില്‍ കെട്ടിയിട്ട നിലയില്‍ ഒന്നര വയസ്സുകാരി രക്ഷകരായി ജനമൈത്രി പോലീസും നാട്ടുകാരും

Sunday 17 December 2017 9:21 pm IST

വലപ്പാട്: റോഡരികില്‍ കെട്ടിയിട്ടിരുന്ന ഒന്നര വയസ്സുകാരിക്കും കുടുംബത്തിനും തണലായി ജനമൈത്രി പോലീസും നാട്ടുകാരും.വലപ്പാട് ഗവ: ഹൈസ്‌ക്കൂളിനു സമീപത്തെ റോഡിനോട് ചേര്‍ന്നുള്ള ഗെയിറ്റിലാണ് ഒന്നര വയസ്സുകാരിയായ മകളെ കെട്ടിയിട്ട് അമ്മ തുണിയലക്കാനും, വെള്ളം ശേഖരിക്കാനും മറ്റും പോയിരുന്നത്.
വിവരം അറിഞ്ഞ് വലപ്പാട് എസ്.ഐ. ഇ.ആര്‍. ബൈജുവും സന്നദ്ധ പ്രവര്‍ത്തകരും എത്തുമ്പോള്‍ കണ്ട കാഴ്ച ആരേയും കണ്ണ് നിറക്കുന്നതായിരുന്നു.
ഒട്ടനവധി വാഹനങ്ങളും, തെരുവ് നായ്ക്കളുമെല്ലാം സഞ്ചരിക്കുന്ന വഴിയില്‍
ഒന്നര വയസ്സു മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടു മീറ്ററോളം നീളമുള്ള തുണി ചരടു കൊണ്ട് ഒരറ്റം ഗെയ്റ്റിലും മറ്റേ അറ്റം കുഞ്ഞിന്റെ ഒരു കാലിലും കെട്ടിയിട്ടിരിക്കുന്നു.
ഓരോ കാഴ്ചകള്‍ കാണുമ്പോഴും കുഞ്ഞ് അതിനടുത്തേക്ക് ഓടാന്‍ ശ്രമിക്കുകയും ചരടിന് നീളം കുറവായതിനാല്‍ ഓടി വീഴുകയും ചെയ്യുന്നു. കുറച്ച് അപ്പുറത്ത് എല്ലും തോലുമായ രീതിയില്‍ തൊണ്ടയില്‍ തൈറോയ്ഡിന്റെ അസുഖം കൂടി ബാധിച്ച അമ്മ തുണികള്‍ കഴുകി ഇടുന്നു.
ആരൊക്കെയോ കൊടുത്ത പല അളവിലുള്ള പഴയ വസ്ത്രങ്ങള്‍ പരന്നു കിടക്കുന്നു.
സമീപത്തെ ഫ്‌ളാറ്റിലും പല വാടക വീടുകളിലുമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
വലപ്പാട് ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ്സ് വിജയം കരസ്ഥമാക്കിയ ആളായിരുന്നു കദീജാബീവി. കദീജാബിക്ക് മാനസീക പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ തെരുവിലേക്ക്എത്തിപ്പെടുകയായിരുന്നു.
ഇവരുടെ മൂന്ന് വയസ്സുകാരനായ മൂത്ത മകനെ ഭര്‍ത്താവ് ദര്‍വേഷിന്റെ കോഴിക്കോടുള്ള മാതാപിതാക്കളാണ് സംരക്ഷിക്കുന്നത്.
വാഹനങ്ങളില്‍ ക്ലിനറായും മറ്റു കൂലിപ്പണികള്‍ ചെയ്തും ദര്‍വേഷും ലോട്ടറി വില്‍പ്പന നടത്തി കദീജാബിയും ചേര്‍ന്ന് കുടുംബം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അസുഖങ്ങളും സാഹചര്യങ്ങളും തിരിച്ചടിയാകുകയായിരുന്നു.
ഇവരെ കണ്ടെത്തിയ ഉടനെ തന്നെ സ്റ്റേഷനിലേക്ക് മാറ്റി ഭക്ഷണവും മറ്റും നല്‍കി.
വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളുമായി വൈകുന്നേരത്തോടെ തന്നെ
തത്ക്കാലമായി വലപ്പാടിലെ ഒരു വീട്ടിലേക്ക് ഇവരെ മാറ്റുകയും ചെയ്തു.
സുമനസ്സുകളെ കണ്ടെത്തി ഇവര്‍ക്ക് സ്വന്തമായി ചെറിയ വീടും സ്ഥലവും, സ്ഥിരവരുമാനവും, നല്ല ചികിത്സയും സംഘടിപ്പിച്ചു പുതിയ ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറ്റുവാനുള്ള ശ്രമത്തിലാണ് പോലീസും, സന്നദ്ധ പ്രവര്‍ത്തകരും, നാട്ടുകാരും.