എല്‍ഡിഎഫ് തീരുമാനങ്ങള്‍ വന്‍കിടക്കാരെ സംരക്ഷിക്കാന്‍

Monday 18 December 2017 2:30 am IST

തിരുവന്തപുരം: ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ വന്‍കിട മുതലാളിമാരെ സംരക്ഷിക്കാനെന്ന് ആരോപണം. പാറ-ക്വാറി ഉടമകള്‍, മണല്‍ മാഫിയ, പ്ലാന്റേഷനുകള്‍ എന്നിവരെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എല്‍ഡിഎഫ് യോഗം മുന്നോട്ട് വച്ചത്.

പരിസ്ഥിതി-സുരക്ഷാ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി റവന്യൂവകുപ്പ് പാറ-ക്വാറികള്‍ അടച്ചിടരുത്. ഇത് നിര്‍മ്മാണമേഖലയെ ആകെ സ്തംഭിപ്പിക്കുന്നു എന്നാണ് എല്‍ഡിഎഫ് കണ്ടെത്തല്‍. അതിനാല്‍ അത്തരം നടപടികളില്‍ നിന്ന് പിന്തിരിയാനാണ് റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിയമാനുസൃതമായ ക്വാറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത ക്വാറികളെ സംരക്ഷിക്കാനുള്ള നിലപാടാണ് എല്‍ഡിഎഫ് കൈക്കൊണ്ടികരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ എത്തിക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ തടസ്സം നില്‍കുന്നു. അതിനാല്‍ പരിശോധന ലളിതമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് മണല്‍ക്കടത്തുകാരെ സഹായിക്കലാകും.

ഹാരിസണ്‍ ഉള്‍പ്പെടെയുള്ള പ്ലാന്റേഷനുകളെ സഹായിക്കുന്ന നിലപാടാണ് മറ്റൊന്ന്. ഓരോ റബ്ബര്‍ മരത്തിനും സര്‍ക്കാരിന് അടയ്‌ക്കേണ്ട തുക കൂടുതലാണെന്നും പുതിയവ വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പഴയ റബ്ബര്‍മരങ്ങള്‍ മുറിച്ച് പുതിയവ വയ്ക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. കൂടാതെ തൊഴിലാളി ലയങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പുനരുദ്ധരിക്കാനും സര്‍ക്കാരില്‍ അടയക്കുന്ന തുക പുന:പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാഫിയകളെയും സഹായിക്കാനാണെന്നും ആക്ഷേപം ഉണ്ട്.