പത്തനംതിട്ട: ഓഖി ദുരന്തബാധ വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇകഴ്ത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നടപടി അല്‍പ്പത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വലിയ ജനവിഭാഗം കഷ്ടപ്പാടും ദുഃഖവും ദുരിതവും അനുഭവിച്ച് വിലപിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരാനെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനു പകരം ചെളിവാരിയെറിഞ്ഞ് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ഇത് രമേശ് ചെന്നിത്തല അവസാനിപ്പിക്കണം. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭമാണിത്. ദുരിതബാധിതര്‍ക്ക് ആകാവുന്ന സഹായം നല്‍കാനാണ് പ്രധാനമന്ത്രി എത്തുന്നത്.
ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കേണ്ട സഹായങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് കൊടുക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കേണ്ടത്. അല്ലാതെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനെത്തുന്നവരെ കളിയാക്കുകയും അവരെ ഇടിച്ചുതാഴ്ത്തി രാഷ്ട്രീയപ്രചരണം നടത്തുകയുമല്ല വേണ്ടത്- കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: