ഗുജ്-ഹിമാചല്‍ വിജയം; ബിജെപിക്ക് ഇരട്ടപ്പതക്കം

Monday 18 December 2017 11:53 am IST

കൊച്ചി: ഇത് ഇരട്ടപ്പതക്കം. ഗുജറാത്തിലും ഹിമാചലിലും തകര്‍പ്പന്‍ ബിജെപി വിജയം. ഗുജറാത്തില്‍ തുടര്‍ ഭരണം ഇരുപത്തിരണ്ടാം വര്‍ഷവും പിന്നിട്ട് ആറാം വട്ടവും ജനങ്ങള്‍ ബിജെപിയെ ഭരണം ഏല്‍പ്പിച്ചു. ഹിമാചലില്‍ അഞ്ചുവര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ അധികാരത്തിലേറ്റി.

ദേശീയ ഗാനത്തില്‍ വിശേഷിപ്പിക്കുന്ന ഇന്ത്യര്‍ ഭൂപ്രദേശങ്ങളില്‍ വംഗ (ബംഗാള്‍)വും പഞ്ചാബുമൊഴികെ പ്രധാന സംസ്ഥാനങ്ങളില്‍ ദേശീയപുഷ്പം ചിഹ്നമാക്കിയ ബിജെപിയുടെ സ്വാധീനത്തിലായി. ഡിസംബര്‍ 25 ഈ വര്‍ഷത്തെ സദ്ഭരണ ദിനമാഘോഷിക്കാനിരിക്കെ, മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയ്ക്കുള്ള പിറന്നാള്‍ സമ്മാനം കൂടിയായി ഇരട്ട വിജയങ്ങള്‍.

ഗുജറാത്തില്‍ ജാതിരാഷ്ട്രീയത്തിനെതിരേ നയവും പ്രയത്‌നവും നേടിയ വിജയമാണ് ബിജെപിയുടേത്. ബിജെപിയെ ഏതുവിധേനയും തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിച്ചു നടത്തിയ ശ്രമങ്ങളെയാണ് ബിജെപി തോല്‍പ്പിച്ചത്. ഹിമാചലില്‍ മാറിമാറി വരുന്ന തെരഞ്ഞെടുപ്പു ഫലമെന്ന് നിസാരവല്‍ക്കരിക്കാനാവില്ല. ഭരണത്തിലിരുന്ന കോണ്‍ഗ്രസിന് ഉണ്ടായിരുന്ന സീറ്റിനേക്കാള്‍ പത്തിലേറെ സീറ്റ് അധികം നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഭരണമാറ്റം മാത്രമല്ല, കോണ്‍ഗ്രസിന്റെ ദയനീയ പരാജയംകൂടിയാണ്.