തെര. ഫലം ഭാരതം കോണ്‍ഗ്രസ് വിമുക്ത രാജ്യമാകുന്നതിന് തെളിവ്

Monday 18 December 2017 3:04 pm IST

തിരുവനന്തപുരം: ഭാരതം ഒരു കോണ്‍ഗ്രസ് വിമുക്ത രാജ്യമായി തീരാന്‍ പോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഗിജറാത്ത്-ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ സ്വാധീനം പരിമിതപ്പെടുത്താന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിനെ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന, ജനങ്ങള്‍ ഏതാണ്ട് പാര്‍ട്ടിയെ തിരസ്‌ക്കരിക്കുന്ന നിലയിലേയ്ക്ക് രാഷ്ട്രീയ ഗതിമാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തില്‍ ജാതി രാഷ്ട്രീയവും സങ്കുചിത നിഷിപ്ത രാഷ്ട്രീയവുമെല്ലാം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വളരെപ്പെട്ടെന്ന് ജാതി കാര്‍ഡുകള്‍ കളിച്ച് വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹമാണ് പൊലിഞ്ഞത്. വികസന രാഷ്ട്രീയവും ജാതി രാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് നടന്നത്. ദേശീയ രാഷ്ട്രീയവും സങ്കുചിത രാഷ്ട്രീയവും തമ്മിലാണ് അവിടെ മത്സരം നടന്നത്. അതുകൊണ്ടു തന്നെ വികസന രാഷ്ട്രീയത്തിന് അവിടെ വിജയിക്കാന്‍ കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.