മാണ്ഡിയിലെ അനില്‍വിജയം; വിശേഷതകള്‍ ഒട്ടേറെ

Monday 18 December 2017 5:11 pm IST

സിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ശര്‍മ്മ മാണ്ഡി മണ്ഡലത്തില്‍ വിജയിച്ചു. അനില്‍ ശര്‍മ്മയെന്നു പറഞ്ഞാല്‍ പോരാ, കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തി അവസാനവട്ടം സ്ഥാനാര്‍ത്ഥിയ ആളാണ് അനില്‍ ശര്‍മ്മ.

അതും പോരാ വിശേഷണം. കോണ്‍ഗ്രസിലായിരിക്കെ കേന്ദ്ര ടെലികോം വകുപ്പുമന്ത്രിയായിരിക്കെ വന്‍ അഴിമതി നടത്തി കുടുങ്ങിയ സുഖ്‌റാമിന്റെ മകനാണ് അനില്‍ ശര്‍മ്മ. ബിജെപിയിലെത്തിയ മകനു മുന്നില്‍, കോണ്‍ഗ്രസ് നേതാവ് സുഖ്‌റാമിന്റെ ദുഷ്‌ചെയ്തികള്‍ മറക്കാന്‍ വോട്ടര്‍മാര്‍ മടിച്ചില്ല.

ഇനിയുമുണ്ട് അനില്‍ ശര്‍മ്മയുടെ വിശേഷണം. അനിലിന്റെ മകന്‍ ആയുഷ് ശര്‍മ്മ പ്രമുഖ നടന്‍ സല്‍മാന്‍ ഖാന്റെ അളിയനാണ്. സല്‍മാന്റെ സഹോദരി അര്‍പ്പിതയെയാണ് നടന്‍കൂടിയായ ആയുഷ് കല്യാണം കഴിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരുംമുമ്പ് അനില്‍ ശര്‍മ്മ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.