സൂപ്പര്‍ ഡീലക്സ്: വിജ്ഞാപനം പിന്‍വലിച്ചെന്ന് മിസോറം

Tuesday 19 December 2017 2:30 am IST

കൊച്ചി: സൂപ്പര്‍ ഡീലക്സ് ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ചെന്ന് മിസോറം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ലോട്ടറി വില്പനയിലെ ജിഎസ്ടി വ്യവസ്ഥകളെ ചോദ്യം ചെയ്ത് മിസോറം ലോട്ടറിയുടെ വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് മിസോറം സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ വിജ്ഞാപനം കേരള സര്‍ക്കാരിന് അയച്ചു കൊടുത്തെന്നും മിസോറാമിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ പുതിയ വിജ്ഞാപനത്തെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. കേരളത്തില്‍ ലോട്ടറി വില്‍ക്കുന്നതിനുള്ള അധികാരം നിയന്ത്രിക്കുന്ന ജിഎസ്ടിയിലെ ചട്ടങ്ങള്‍ക്കെതിരെയാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹര്‍ജി നല്‍കിയത്.