വ്യാജ പ്രചാരണം മത്സ്യവിപണിക്ക് തിരിച്ചടിയാകുന്നു

Tuesday 19 December 2017 2:30 am IST

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരന്തത്തെ തുടർന്ന് മത്സ്യ വിൽപ്പനയിലുണ്ടായ മാന്ദ്യവും കടലോര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കടലിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചു തുടങ്ങിയതോടെയാണ് മത്സ്യങ്ങൾ മൃതശരീരങ്ങൾ ഭക്ഷണമാക്കുന്നുണ്ടെന്ന വ്യാപക പ്രചാരണം നടന്നത്.

സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ചിത്രങ്ങൾ സഹിതം ഈ പ്രചാരണം നടന്നത്. എന്നാൽ മത്സ്യങ്ങൾ മനുഷ്യ മൃതദേഹങ്ങൾ കഴിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും ഉറപ്പിച്ചു പറയുന്നു. വ്യാജ പ്രചാരണം വഴി മത്സ്യ വിൽപ്പനയിൽ വൻ കുറവാണുണ്ടായിരിക്കുന്നതെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എം. ഷാഫി പറഞ്ഞു.

ചുഴലിക്കൊടുങ്കാറ്റ് ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം ലഭിക്കുന്ന മൃതദേഹങ്ങൾ ജീർണ്ണിച്ച് അഴുകിയ നിലയിലാണെങ്കിലും മത്സ്യങ്ങൾ ഭക്ഷണമാക്കിയിട്ടില്ലെന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വ്യാപകമായ വ്യാജ പ്രചരണം നടക്കുന്നതിനാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണ്.

മത്സ്യങ്ങൾ ശവം തീനികളാണെന്ന പ്രചാരണം ശരിയല്ലെന്ന് സിഎംഎഫ് ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി. കെ. അശോകൻ പറഞ്ഞു. ആഴക്കടലിലെ വൻ സ്രാവുകൾ മാത്രമാണ് ശവശരീരങ്ങൾ ഭക്ഷണമാക്കാറുള്ളു. ചെറു മത്സ്യങ്ങൾ ജലോപരിതലത്തിലെ സൂക്ഷ്മ ജീവികളെയാണ് ഭക്ഷണമാക്കാറ്. ഫൈറ്റോ പ്ലാങ്ടൺ, സൂ പ്ലാങ്ടൺ എന്നീ തരത്തിൽപ്പെട്ടവയെ ഭക്ഷണമാക്കുന്ന മത്സ്യങ്ങളാണ് നമ്മുടെ തീരങ്ങളിൽ ലഭിക്കാറ്. ഇവ ശവശരീരങ്ങളോ ജീർണ്ണിച്ച മറ്റു ഭാഗങ്ങളോ ഭക്ഷണമാക്കാറില്ല. സുനാമി സംഭവിച്ചപ്പോഴും ഇതേ പ്രചരണം കേരളത്തിൽ നടന്നതാണ്. ഇതിന് ശാസ്ത്രീയ അടിത്തറയില്ല. അദ്ദേഹം പറഞ്ഞു.