ആഷസ് ഓസീസിന് മൂന്നാം ടെസ്റ്റില്‍ ജയം ഇന്നിങ്‌സിനും 41 റണ്‍സിനും

Tuesday 19 December 2017 2:35 am IST

പെര്‍ത്ത്: ആഷസ് പരമ്പര ഓസ്‌ട്രേലിയക്ക്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 41 റണ്‍സിനും വിജയിച്ചാണ് ഓസീസ് ആഷസ് പരമ്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0ന് മുന്നില്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് – 403/10, 218/10. ഓസ്‌ട്രേലിയ 662/9 ഡിക്ലയര്‍.
ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം.
ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 218 റണ്‍സിന് എറിഞ്ഞിട്ടാണ് വിജയം സ്വന്തമാക്കിയത്. 48 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ജോഷ് ഹെയ്‌സല്‍വുഡാണ് ഇംഗ്ലണ്ടിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. പാറ്റ് കുമ്മിന്‍സും നഥാന്‍ ലിയോണും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ജയിംസ് വിന്‍സ് (55), ഡേവിഡ് മലാന്‍ (54) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതി നിന്നത്. മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

മഴമൂലം അവസാന ദിവസത്തെ കളി വൈകിയാണ് ആരംഭിച്ചത്. 132ന് നാല് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ബെയര്‍സ്‌റ്റോവ് (14) ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ 218ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സും അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്താണ് മത്സരത്തിലെ താരം.