ആഘോഷമാക്കി സൈബര്‍ ലോകം

Tuesday 19 December 2017 2:30 am IST

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കി സൈബര്‍ലോകം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന നിരവധി നുറുങ്ങുകളാണ് ഇന്നലെ രാവിലെ മുതല്‍ ഇവയില്‍ നിറഞ്ഞത്.

ഗുജറാത്തില്‍, തുടക്കത്തില്‍ പിന്നിലായി, പിന്നീട് ബിജെപി തിരിച്ചുകയറിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം സൂചിപ്പിക്കാന്‍ തമിഴ് നടന്‍ അജിത്തിന്റെ വിവിധ മുഖഭാവങ്ങളാണ് ഉപയോഗിച്ചത്. ജിഎസ്ടിയുമായി ബന്ധപ്പെടുത്തിയുള്ള മറ്റൊരു ട്രോള്‍ ഇങ്ങനെ: അമിത് ഷാ ലക്ഷ്യമിട്ടത് – 150. 150ല്‍ 28 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരുമ്പോള്‍ കുറവ് 42. അപ്പോള്‍ ഗുജറാത്ത് നല്‍കിയത് 108 സീറ്റ്.

മറ്റൊരു പോസ്റ്റ് ഇങ്ങനെ: ഗുജറാത്തില്‍ ഏതാണ്ട് 105 ഇടത്ത് വോട്ടിങ് മെഷീനില്‍ തിരിമറി നടന്നതായാണ് വിവരം.. 75 ഇടത്ത് കുഴപ്പമില്ല… മറ്റൊന്ന്, കോണ്‍ഗ്രസിന്റെ ചിത്രം പതിച്ച ശവപ്പെട്ടി ചുമക്കുന്ന രാഹുല്‍ ഗാന്ധി, ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് അതിനിടയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: മാഡം, എല്ലാ ഉത്തരവാദിത്തവും കെട്ടിവയ്ക്കാന്‍ ഇദ്ദേഹത്തെ അലമാരിയില്‍ നിന്ന് എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, അരവിന്ദ് കേജ്‌രിവാള്‍, മലയാള ടെലിവിഷന്‍ വാര്‍ത്ത അവതാരകരും ട്രോളുകള്‍ക്ക് വിഷയമായി.