ആഹ്ലാദം അലയടിച്ച് മാരാര്‍ജി ഭവന്‍

Tuesday 19 December 2017 2:50 am IST

ഗുജറാത്ത്-ഹിമാചല്‍ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ആഘോഷിച്ച് തിരുവനന്തപുരത്തെ കാര്യാലയത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മധുരം നല്‍കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്‌

തിരുവനന്തപുരം: ഗുജറാത്ത് ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ലാദം അലയടിച്ച് ബിജെപി സംസ്ഥാന ഓഫീസ്. മാരാര്‍ജി ഭവനിലേക്ക് രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ എത്തി.വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഫല സൂചന മാറി മറിഞ്ഞത് ആശങ്കയായി.

ഇതോടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ് . സുരേഷ് എന്നിവരടക്കമുള്ള നേതാക്കള്‍ അക്ഷമരായി വാര്‍ത്താചാനലുകളുടെ മുന്നിലേക്ക്. ഹിമാചല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കു നീങ്ങുന്നു. ഗുജറാത്തിലെ ലീഡ് നിലയില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ പ്രവര്‍ത്തകരാകെ നിരാശയിലായി.

എന്നാല്‍ ഇരു സംസ്ഥാനങ്ങളും ബിജെപി ഭരിക്കുമെന്ന ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ സന്തോഷം അലയടിച്ചു. ഗുജറാത്തിലെ സീറ്റ് നില അപ്പോള്‍ 105. പന്ത്രണ്ട് മണിക്ക് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന അറിയിപ്പും വന്നു. മാധ്യമ പ്രവര്‍ത്തകര്‍ സംസ്ഥാന ഓഫീസില്‍ എത്തിയെങ്കിലും സീറ്റ് നില വീണ്ടും പിന്നോട്ടായി.

ഇതോടെ വാര്‍ത്താസമ്മേളനവും നീണ്ടു. എന്നാല്‍ പിന്നീട് ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന വ്യക്തമായ ലീഡ് നില പുറത്തു വന്നതോടെ വിജയാരവും മുദ്രാവാക്യം വിളികളും ഉയര്‍ന്നു. കൂടുതല്‍ പ്രവര്‍ത്തകരും എത്തിത്തുടങ്ങി. തുടര്‍ന്ന് കുമ്മനത്തിന്റെ വാര്‍ത്താസമ്മളനവും. വാര്‍ത്താസമ്മേളനത്തിനു ശേഷം മധുരവിതരണവും.