മോദി പ്രഭ

Tuesday 19 December 2017 2:30 am IST

  • 2001 ഒക്‌ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിയുടെ കടന്നുവരവ് കേശുഭായ് പട്ടേലിന് പകരക്കാരനായിട്ടായിരുന്നു. കച്ചിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ട കേശുഭായ് പട്ടേലിന് പകരം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുനിന്ന് കച്ചില്‍ പറന്നിറങ്ങിയതു മുതല്‍ തുടങ്ങിയ ഇഷ്ടമാണ് ഗുജറാത്തികള്‍ക്ക് നരേന്ദ്രഭായ് മോദിയോടുള്ളത്. ദേശീയ സംഘടനാ സെക്രട്ടറി പദത്തില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതുമുതല്‍ മോദിക്ക് താണ്ടേണ്ടിവന്ന കല്ലുംമുള്ളും നിറഞ്ഞ രാഷ്ട്രീയ പാതയില്‍ എന്നും താങ്ങായി നിന്നതും ഗുജറാത്തിലെ ജനങ്ങള്‍ തന്നെ.
  • 2002 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഗുജറാത്തില്‍ അരങ്ങേറിയ കലാപം മുതല്‍ നരേന്ദ്രമോദി എന്ന രാഷ്ട്രീയക്കാരന്‍ അനുഭവിച്ചതും അതിജീവിച്ചതും പ്രതിബന്ധങ്ങള്‍ മാത്രമാണ്. 2002 ഒക്ടോബറിലും 2007ലും 2012ലും തുടര്‍ച്ചയായി വിജയിച്ചിട്ടും രാഷ്ട്രീയ അസ്പൃശ്യത അനുഭവിച്ച നരേന്ദ്ര മോദി ഒടുവില്‍ 2014 മെയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടിക്കൊടുത്ത് പ്രധാനമന്ത്രി പദത്തിലുമെത്തി. എങ്കിലും മോദിയെ അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുവിഭാഗം ബുദ്ധിജീവികള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രയാസകരമായിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ട് നരേന്ദ്ര മോദിയും ബിജെപിയും നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളും.
  • നിരവധി എതിര്‍ ഘടകങ്ങള്‍ അണിനിരന്ന തെരഞ്ഞെടുപ്പുകളാണ് 2014ന് ശേഷം രാജ്യമെങ്ങും നടന്നത്. മോദിക്കെതിരെ എല്ലാവരും എന്നതായിരുന്നു തെരഞ്ഞെടുപ്പുകളുടെ എല്ലാം പ്രത്യേകത. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലുമെല്ലാം ബിജെപി വിജയിച്ചുകയറി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാമിലും അരുണാചലിലും മണിപ്പൂരിലും ബിജെപി സര്‍ക്കാരുകള്‍ യാഥാര്‍ത്ഥ്യമായി. ഒടുവില്‍ ഗുജറാത്തിലും ഹിമാചലിലും അധികാരത്തിലെത്തിയതോടെ മോദിയുടെ ഗ്രാഫ് സമാനതകളില്ലാത്ത വിധം ഉയര്‍ന്നു. ഗുജറാത്ത് മോഡല്‍ വികസനം മുന്നോട്ടുവച്ച് പ്രധാനമന്ത്രി പദത്തിലെത്തിയ മോദിക്കും ബിജെപിക്കുമൊപ്പം തുടര്‍ച്ചയായ 22-ാം വര്‍ഷവും ഗുജറാത്ത് അടിയുറച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
  • എല്ലാത്തരം ഗൂഢാലോചനകളും തനിക്കെതിരെ കോണ്‍ഗ്രസ് നടത്തിയെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇത്തവണ ജാതി കാര്‍ഡിറക്കിയായിരുന്നു കോണ്‍ഗ്രസിന്റെ കളി. മുപ്പതുവര്‍ഷമായി ഗുജറാത്തിന് ഇല്ലാതിരുന്ന ജാതി ഉപദ്രവം കോണ്‍ഗ്രസ് രംഗത്തിറക്കി. എന്നാല്‍ ഗുജറാത്തികളെ പരാജയപ്പെടുത്താന്‍ ഇത്തരം കളികള്‍ക്കൊന്നും സാധിക്കില്ല, പ്രധാനമന്ത്രി വ്യക്തമാക്കി.
  • മാറുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ള അഭിവാഞ്ഛയാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നതെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു. വികസനം മാത്രമാണ് നമ്മുടെ മുദ്രാവാക്യമെന്നും വികസനത്തിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ എന്നും മോദി പറഞ്ഞു.
  • ജിഎസ്ടി അടക്കം കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കെല്ലാം വലിയ തോതിലുള്ള പിന്തുണ ജനങ്ങള്‍ നല്‍കുന്നുവെന്ന് വ്യക്തമാക്കുന്ന ജനവിധികള്‍ നരേന്ദ്ര മോദിയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ്. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായി മോദി ഉയരുന്ന കാഴ്ചയും ഗുജറാത്ത്, ഹിമാചല്‍ വിധികളോടെ കൂടുതല്‍ ദൃശ്യമായി.