പാക്കില്‍ സംക്രമവാണിഭത്തിന്‌ തുടക്കമായി

Sunday 17 July 2011 10:56 pm IST

ചിങ്ങവനം : പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭത്തിന്‌ തുടക്കം കുറിച്ചു. കര്‍ക്കിടകം ഒന്ന്‌ മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പാക്കില്‍ സംക്രമത്തിന്‌ ദൂരെ ദിക്കില്‍ നിന്നു പോലും കച്ചവടക്കാര്‍ സാധനങ്ങളുമായി വന്നെത്തിയിട്ടുണ്ട്‌. തെക്കുംകൂറ്‍ രാജ ഭരണകാലത്ത്‌ സൈന്യത്തിണ്റ്റെ പടനിലമെന്നറിയപ്പെടുന്ന പാക്കില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര മൈതാനത്ത്‌ ഇതിനായുള്ള ഒരുക്കങ്ങള്‍ ഇന്നലെത്തന്നെ പൂര്‍ത്തിയായി. മൈതാനത്ത്‌ നിരയായി കെട്ടിയ പന്തലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സാധനങ്ങള്‍ ഒരുക്കി വെയ്ക്കുന്ന തിരക്കിലായിരുന്നു കച്ചവടക്കാര്‍. നവീന രീതികളിലുള്ള ഫര്‍ണിച്ചറുകള്‍, ലോഹ നിര്‍മ്മിത പണിയായുധങ്ങളും വീട്ടുപകരണങ്ങളും ഇവിടെ നിരന്നു കഴിഞ്ഞു. ഹൈടെക്‌ കളിപ്പാട്ടങ്ങളുടെയും വിപുലമായ ശേഖരവും കാണാം. കരകൌശല വസ്തുക്കളും ധാരാളം. അരകല്ല്‌, ആട്ടുകല്ല്‌, ഉരല്‍, കുട്ട, വട്ടി, മുറം, തഴപ്പായ്‌ എന്നിവയാണ്‌ സംക്രമ വാണിഭത്തില്‍ പ്രധാനം. കളിവള്ളത്തുഴകള്‍, തൂമ്പാക്കൈ, കോടാലിക്കൈ, മണ്‍ചട്ടികള്‍, ചിരട്ടത്തവി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്‌. കൂടുതല്‍ പേര്‍ തിരക്കിയെത്തുന്നത്‌ കുടംപുളിയാണ്‌. എന്നാല്‍ കുടംപുളി ഇത്തവണ ഏറെയെത്താന്‍ സാധ്യതയില്ലെന്നാണ്‌ കണക്കുകൂട്ടല്‍. കുടംപുളിയുടെ അമിതമായ വിലക്കയറ്റവും, ലഭ്യതക്കുറവുമാണ്‌ കാരണം.