ഹോം » ഭാരതം » 

ചെന്നൈ കേന്ദ്രീകരിച്ച്‌ അനധികൃത കുടിയേറ്റം ശക്തമാവുന്നു

June 18, 2011

ചെന്നൈ: അനധികൃത കുടിയേറ്റത്തിനു തടയിടാനുള്ള കര്‍ശന നടപടികള്‍ മലേഷ്യന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച സാഹചര്യത്തിലും ചെന്നൈ എയര്‍പോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ അനധികൃത കുടിയേറ്റം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍.
വ്യാജ ടിക്കറ്റുകളുമായി മലേഷ്യക്കു കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ എയര്‍പോര്‍ട്ട്‌ പോലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടുകൂടിയാണ്‌ ചെന്നൈ എയര്‍പോര്‍ട്ട്‌ കേന്ദ്രമാക്കി നടക്കുന്ന തട്ടിപ്പുകളെകുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌. തിരുച്ചിയില്‍ നിന്നും, വെല്ലൂരില്‍ നിന്നുമുള്ള രണ്ടു യുവക്കളാണ്‌ പിടിയിലായത്‌. എന്നാല്‍ വേല്‍ മുരുകന്‍ എന്ന ഏജന്റ്‌ ഇരുവരെയും ചതിക്കുകയായിരുന്നുവെന്നും പണം വാങ്ങി ഏജന്റ്‌ ഇവര്‍ക്കു നല്‍കിയത്‌ വ്യാജടിക്കറ്റായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. ഇതൊടൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധിപ്പേര്‍ മലേഷ്യയിലുള്ള തൊഴിലാളി ക്യാമ്പുകളില്‍ അകപ്പെട്ടുപോയതായും അധികൃതര്‍ വ്യക്തമാക്കുന്നു.തൊഴില്‍തേടിയെത്തുന്ന ചെറുപ്പക്കാരെ താല്‍ക്കാലിക വിസ നല്‍കി ആദ്യം സിംഗപൂരിലെത്തിക്കുകയാണ്‌ ഏജന്റുമാര്‍ ചെയ്യുന്നത്‌. 90 ദിവസം പിന്നിടുന്നതോടുകൂടി ഇത്തരത്തില്‍ കടത്തപ്പെടുന്നവരുടെ വിസാ കാലവധി അവസാനിക്കുകയും ഇവര്‍ പിന്നീട്‌ മലേഷ്യയിലുള്ള തൊഴിലാളി ക്യാമ്പുകളില്‍ എത്തിപ്പെടുകയുമാണ്‌ പതിവ്‌. കനത്ത തുക ഏജന്റുമാര്‍ക്ക്‌ നല്‍കി മലേഷ്യയിലെത്തുന്നവര്‍ പിന്നീട്‌ മതിയായ ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ അത്യധ്വാനം ചെയ്യേണ്ടുന്ന ഗതികേടിലേക്ക്‌ എത്തിപ്പെടുന്നു.
ഇതോടൊപ്പം മയക്കുമരുന്ന്‌ കള്ളക്കടത്തിനും, അനധികൃത ഇടപാടുകള്‍ക്കും മാഫിയാ സംഘങ്ങള്‍ ഇത്തരക്കാരെ ഉപയോഗിക്കുകയും ചെയ്യും. മലേഷ്യയിലേക്ക്‌ കുടിയേറുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും അനധികൃത വസ്തുക്കളുമായി എയര്‍പോര്‍ട്ടില്‍ അറസ്റ്റിലാകുന്നവരിലധികവും ഏജന്റുമാരുടേയോ, തൊഴില്‍ ഉടമകളുടെയോ ചതിയില്‍പെട്ടവരായിരിക്കുമെന്നും ചെന്നൈ എയര്‍പോര്‍ട്ടിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.
അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വംശജരായ 122 ഓളം വ്യവസായികള്‍ മലേഷ്യയില്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നതായി വ്യക്തമായിരുന്നു. എയര്‍പോര്‍ട്ടുകളിലെ സുരക്ഷാസംവിധാനങ്ങളിലെ വീഴ്ചകള്‍ മുതലെടുത്താണ്‌ ഇവര്‍ പലപ്പോഴും ആളുകളെ കടത്താറുള്ളത്‌. ഇതോടൊപ്പം ചെന്നൈ എയര്‍പോര്‍ട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
അനധികൃത കുടിയേറ്റങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ടി സര്‍ക്കാരുമായു ചേര്‍ന്ന്‌ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും എയര്‍പോര്‍ട്ട്‌ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്‌.

Related News from Archive
Editor's Pick