ഹോം » ലോകം » 

കള്ളപ്പണക്കാരുടെ വിശദാംശങ്ങള്‍ സ്വിസ്‌ ബാങ്ക്‌ പുറത്തുവിടുന്നു

June 18, 2011

ജെയിനെവ: ബാങ്ക്‌ അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന നിര്‍ണായക നിയമഭേദഗതിക്ക്‌ സ്വിറ്റ്സര്‍ലന്റിലെ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കി. സ്വിസ്‌ ബാങ്കുകളില്‍ അനധികൃത ധനം നിക്ഷേപിച്ചവരുടെ പേരിനും വിലാസത്തിനും പുറമേ തിരിച്ചറിയല്‍ രേഖകള്‍ കൂടി കൈമാറാനാകുന്നവിധമാണ്‌ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്‌.
പാരീസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക്‌ കോര്‍പ്പറേഷന്‍ ആന്റ്‌ ഡെവലപ്മെന്റിന്റേയും ജി20 രാജ്യങ്ങളുടെയും നിരന്തരമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്‌ നിയമം ഭേദഗതി ചെയ്യുവാന്‍ സ്വിസ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. സ്വിസ്ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യയില്‍നിന്നുള്ള പ്രമുഖരെക്കുറിച്ചുള്ള ഈ അന്വേഷണത്തിന്‌ സ്വിസ്‌ സര്‍ക്കാരിന്റെ തുടര്‍ നടപടി കൂടുതല്‍ സഹായകരമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.
നികുതിനിയമങ്ങള്‍ പരിഷ്ക്കരിക്കാനുള്ള നിയമഭേദഗതിക്ക്‌ വെള്ളിയാഴ്ച സ്വിസ്‌ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ നിയമപ്രകാരം സ്വിറ്റ്സര്‍ലന്റുമായി ഇരട്ടനികുതി കരാറിലേര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ക്ക്‌ സ്വിസ്‌ ബാങ്കുകളില്‍ അക്കൗണ്ടുള്ള തങ്ങളുടെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത്‌ സര്‍ക്കാര്‍ ഖജനാവിനോട്‌ ചേര്‍ക്കണമെന്നും കള്ളപ്പണക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാര്‍ട്ടികളും പൊതുസംഘടനകളും സര്‍ക്കാരിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരുന്ന സാഹചര്യത്തില്‍ സ്വിസ്‌ ഗവണ്‍മെന്റ്‌ സാമ്പത്തിക നിയമങ്ങള്‍ ഉദാരവല്‍ക്കരിച്ചത്‌ ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്‌. ഇതേവരെ സ്വിസ്ബാങ്ക്‌ നിക്ഷേപകരുടെ പേരും വിലാസവും മാത്രമേ സ്വിസ്‌ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നുള്ളൂ. എന്നാല്‍ നിക്ഷേപകരുടെ വിശദാംശങ്ങള്‍ കൂടി പുറത്തറിയപ്പെടുന്നതോടുകൂടി പല പ്രമുഖ കള്ളപ്പണക്കാരും കുരുക്കിലാകുമെന്ന്‌ വ്യക്തം.
എന്നാല്‍ മറ്റ്‌ പല രാജ്യങ്ങളും നിക്ഷേപകരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന്‌ കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നുപോരുന്നുണ്ട്‌. കള്ളപ്പണക്കാരെ വെളിച്ചത്തുകൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ ഇത്തരം നിയന്ത്രണങ്ങള്‍ പ്രതികൂലമായി ബാധിക്കാറാണ്‌ പതിവ്‌. എന്നിരുന്നാലും സ്വിറ്റ്സര്‍ലന്റ്‌ സാമ്പത്തിക നിയമങ്ങള്‍ ഉദാരവല്‍ക്കരിച്ചത്‌ ആ രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപകരെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഏറെ സഹായകമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

Related News from Archive
Editor's Pick