ഹോം » പൊതുവാര്‍ത്ത » 

ഗൂര്‍ഖാലാന്‍ഡിന്‌ പ്രവിശ്യാപദവി യാഥാര്‍ത്ഥ്യമായി

July 18, 2011

സുഖ്‌ന: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാലാന്‍ഡിന്‌ മേഖലാ ഭരണം അനുവദിക്കുന്നതിനുള്ള ത്രികക്ഷി കരാറില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും, പശ്ചിമബംഗാള്‍ സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ഒപ്പുവച്ചു. നിയമനിര്‍മ്മാണം ഒഴികെയുള്ള കാര്യങ്ങളില്‍ ഗൂര്‍ഖാലാന്‍ഡിന്‌ അധികാരമുണ്ടാകും.

ഗൂര്‍ഖാലാന്‍ഡിന്‌ മേഖലാഭരണം ലഭിച്ചതിനെ തുടര്‍ന്ന്‌ ജി.ജെ,എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പ്രവര്‍ത്തകര്‍ 4000ഓളം പാക്കറ്റ്‌ തേയില ചിദംബരത്തിനും, മമതാ ബാനര്‍ജിക്കും സമ്മാനമായി നല്‍കി‌. മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്‌തുമാണ്‌ ജി.ജെ.എം പ്രവര്‍ത്തകര്‍ പ്രവിശ്യാഭരണം ലഭിച്ചത്‌ ആഘോഷിച്ചത്‌.

ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവ്‌ റോഷന്‍ ഗിരി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ജി.ഡി.ഗൗതമ, കേന്ദ്ര ആഭ്യന്തര ജോയിന്റ്‌ സെക്രട്ടറി കെ.കെ.പതക്‌ എന്നിവരാണ്‌ കരാറില്‍ ഒപ്പുവച്ചത്‌. കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജി.ജെ.എം പ്രസിഡന്റ്‌ ബിമല്‍ ഗുരുംഗ്‌ തുടങ്ങിയവര്‍ ചടങ്ങിന്‌ സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

ഭൂമി, വനം, വിദ്യാഭ്യാസം, പ്രാദേശിക നികുതി, ആരോഗ്യം, തേയിലത്തോട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി ഗൂര്‍ഖാലന്‍ഡ്‌ സമിതിയാകും നിയന്ത്രിക്കുക. ഇവയില്‍ ഏറ്റവും പ്രധാനം തേയിലതോട്ടങ്ങളുടെ നിയന്ത്രണമാണ്‌. ഡാര്‍ജിലിംഗിലെ ഏറ്റവും പ്രധാന വരുമാന മാര്‍ഗം കൂടിയായതിനാല്‍ ഇതിന്റെ നിയന്ത്രണം ലഭിക്കുന്നവര്‍ തന്നെയാകും അവിടത്തെ സാമ്പത്തിക വ്യവസ്ഥയെയും നിശ്ചയിക്കുക.

ക്രമസമാധാന പാലനം പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ചുമതലയിലുമാണ്‌.

Related News from Archive
Editor's Pick