അപകീര്‍ത്തിക്കേസില്‍ നടി പ്രവീണ ജാമ്യമെടുത്തു

Saturday 18 June 2011 9:57 pm IST

കൊച്ചി: അപകീര്‍ത്തിക്കേസില്‍ ചലച്ചിത്ര നടി പ്രവീണ എറണാകുളം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
സ്ലിം എഫ്‌എക്സ്‌ എന്ന സ്ഥാപനത്തെക്കുറിച്ച്‌ മോശമായ രീതിയില്‍ പ്രസ്താവനയിറക്കി എന്നാരോപിച്ച്‌ പ്രവീണയ്ക്കെതിരെ സ്ഥാപന ഉടമ സൗമിനി വിദ്യാസാഗറാണ്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ അപകീര്‍ത്തിക്കേസ്‌ കൊടുത്തത്‌. പ്രവീണ ഇന്നലെ ജാമ്യത്തിലിറങ്ങി.
പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന സ്ലിം എഫ്‌ എക്സിനെതിരെ നേരത്തേ പ്രവീണ വഞ്ചനാകുറ്റത്തിന്‌ അഡിഷണല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ പരാതി നല്‍കിയിരുന്നു. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ശരീരത്തിലെ കൊഴുപ്പ്‌ കുറയ്ക്കാന്‍ ഒരു മണിക്കൂര്‍ സമയം ചികിത്സയുണ്ടെന്ന്‌ കാണിച്ച്‌ ഒട്ടേറെപ്പേരില്‍നിന്ന്‌ പണം തട്ടിയെടുക്കുന്നു എന്നായിരുന്നു പ്രവീണ കൊടുത്ത പരാതിയിലെ ഉള്ളടക്കം. ഇത്‌ കോടതി ഫയലില്‍ സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ്‌ തനിക്കെതിരെ മാനനഷ്ടക്കേസ്‌ കൊടുത്തതെന്നാണ്‌ പ്രവീണയുടെ വാദം. പ്രവീണയ്ക്കുവേണ്ടി അഡ്വ. കെ.ആര്‍. സുനില്‍ ഹാജരായി.