ഹോം » പൊതുവാര്‍ത്ത » 

റബര്‍ ഇറക്കുമതി: പ്രതിപക്ഷം ഇറങ്ങിപ്പോയി

July 19, 2011

തിരുവനന്തപുരം: ഇറക്കുമതി തീരുവ കുറച്ച്‌ 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

പ്രതിപക്ഷത്ത്‌ നിന്ന്‌ സുരേഷ്‌ കുറപ്പാണ്‌ പ്രമേയത്തിന്‌ അനുമതി തേടിയത്‌. ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ സുരേഷ്‌ കുറുപ്പ്‌ ആരോപിച്ചു. കേരളത്തിലെ റബര്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതാണ്‌ പുതിയ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ റബറിന്റെ വില ഇടിയുന്ന ഒരു നടപടിയും പാടില്ലെന്നാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന്‌ അടിയന്തര പ്രമേയത്തിന്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടും, ആശങ്കയും കേന്ദ്രത്തെ അറിയിക്കും.

റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്രം വെട്ടിക്കുറിച്ചിട്ടില്ല, അഞ്ചു രൂപയുടെ കുറവ്‌ മാത്രമാണ്‌ വരുത്തിയിരിക്കുന്നത്‌. ഇറക്കുമതി മൂലം സംസ്ഥാനത്ത്‌ റബറിന്‌ വിലയിടിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മറുപടിയെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

Related News from Archive
Editor's Pick