ഹോം » കേരളം » 

ലോറിയില്‍ നിന്ന്‌ അമോണിയം ചോര്‍ന്നു; 24 പേര്‍ ആശുപത്രിയില്‍

June 18, 2011

പത്തനംതിട്ട: റബര്‍പാല്‍ കട്ടിയാകാതിരിക്കാന്‍ ചേര്‍ക്കുന്ന അമോണിയ വീപ്പകളില്‍ നിറച്ച്‌ ലോറിയില്‍ കൊണ്ടുവരുന്നതിനിടെ ചോര്‍ന്ന്‌ സ്കൂള്‍കുട്ടികളടക്കം 24 പേര്‍ക്ക്‌ ശ്വാസം മുട്ടലും അസ്വസ്ഥതകളുമുണ്ടായതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.45 ന്‌ വള്ളിക്കോട്‌ വാഴമുട്ടം പടിഞ്ഞാറ്‌ ഗവ.യു.പി സ്കൂള്‍ ജങ്ങ്ഷന്‌ സമീപമാണ്‌ സംഭവം. ലോറിക്ക്‌ പിന്നാലെ വന്ന സ്വകാര്യബസ്സിലുണ്ടായിരുന്നവര്‍ക്കാണ്‌ അസ്വസ്ഥതയുണ്ടായത്‌. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടിലെ തക്കല നിന്നും ചെന്നീര്‍ക്കരയിലെ ഊന്നുകല്ലിലേക്ക്‌ ലോറിയില്‍ കൊണ്ടുപോയ അമോണിയയാണ്‌ ചോര്‍ന്നത്‌. വീപ്പകളിലൊന്ന്‌ ചരിഞ്ഞ്‌ പൊട്ടിയതാണ്‌ ചോര്‍ച്ചക്ക്‌ കാരണമെന്ന്‌ കരുതുന്നു. വള്ളിക്കോട്‌ കോട്ടയം -പത്തനംതിട്ട റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ വാഴമുട്ടം ജംഗ്ഷന്‌ സമീപം യാത്രക്കാരെ ഇറക്കവെ ലോറി ഓവര്‍ടേക്ക്‌ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ്‍്‌ വാതക ചോര്‍ച്ച രൂക്ഷമായത്‌ .ഇതേത്തുടര്‍ന്ന്‌ ബസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ശ്വാസംമുട്ടലും മറ്റ്‌ അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബസ്‌ മറ്റൊരു വഴിയിലൂടെ പത്തനംതിട്ടയിലേക്ക്‌ തിരിച്ചുവിടുകയും അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പത്തനംതിട്ട പൊലീസ്‌ ലോറിയെ പിന്‍തുടര്‍ന്ന്‌ പിടികൂടി. ഡ്രൈവറേയും സഹായികളേയും കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ കലക്ടര്‍, എസ്പി, ഡിഎംഒ എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയതായി ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ അറിയിച്ചു.

Related News from Archive
Editor's Pick