ഹോം » പൊതുവാര്‍ത്ത » 

ഈ ഐക്യം തുടര്‍ന്നും ഉണ്ടാവണം

July 19, 2011

ഏതായാലും കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം വഴി ഒരു കാര്യം ആവശ്യപ്പെട്ടത്‌ ഏറെ സന്തോഷകരമായി. പാചക വാതകം എന്ന ‘അമൂല്യ’ വസ്തു എത്രയും പരിമിതപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ്‌ ആ പ്രമേയം എന്നതാണ്‌ ശ്രദ്ധേയമായ വസ്തുത. വര്‍ഷത്തില്‍ നാലു സിലിണ്ടര്‍ സബ്സിഡി നിരക്കിലും ശേഷിച്ചവ എത്രവേണമെങ്കിലും പൊതു മാര്‍ക്കറ്റ്‌ വിലയിലും നല്‍കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ആയത്‌ പ്രാബല്യത്തില്‍ ആയിട്ടില്ലെങ്കിലും അതിന്റെ മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ നടത്തിക്കഴിഞ്ഞിട്ടുണ്ട്‌. ലോകമാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‌ ക്രമാതീതമായി വിലവര്‍ധിക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നമായ പാചകവാതകത്തിന്‌ വില വര്‍ധിപ്പിക്കാനും നേരത്തെ നല്‍കിവരുന്ന സബ്സിഡി എടുത്തുകളയാനും തത്വത്തില്‍ തീരുമാനിച്ചത്‌. അടുത്തയിടെ രണ്ടു തവണയായി 54.90 രൂപ ഒരു സിലിണ്ടറിന്മേല്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ജനപക്ഷസര്‍ക്കാറിന്‌ പതുക്കെപതുക്കെ അതിന്റെ മാനുഷിക മുഖം നഷ്ടപ്പെടുന്നതിന്റെ സൂചനയായി വേണം ഇത്തരം ആവശ്യവസ്തുക്കളിന്മേലുള്ള നിയന്ത്രണത്തെകാണാന്‍. ജനങ്ങളിലേക്ക്‌ ഇഴുകിച്ചേരുന്നതിനുപകരം എങ്ങനെ ജനങ്ങളെ അകറ്റി നിര്‍ത്താമെന്നാണ്‌ അവര്‍ ചിന്തിക്കുന്നത്‌. ഒരു ചെറിയ കുടുംബത്തിന്‌ ഒരു വര്‍ഷത്തേക്ക്‌ സബ്സിഡി നിരക്കില്‍ നാലു സിലിണ്ടര്‍ മതിയെന്ന്‌ ആരാണ്‌ നിജപ്പെടുത്തുന്നത്‌ എന്നാണ്‌ മനസ്സിലാകാത്തത്‌. ഏത്‌ ഇരുള്‍ വീണരാജ്യത്തിന്റെ സ്ഥിതിവെച്ചാണ്‌ ബന്ധപ്പെട്ടവര്‍ ഇത്ര നെറികെട്ടസമീപനം സ്വീകരിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല. വിറക്‌, കല്‍ക്കരി, മണ്ണെണ്ണ ഇത്യാദിയൊക്കെ കിട്ടാക്കനിയാവുന്ന അവസരത്തില്‍ പാചകവാതകത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ജനങ്ങള്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്‌ ഭരണകൂടങ്ങള്‍ക്ക്‌ ഒരു നിശ്ചയവുമില്ല.
വോട്ടെടുപ്പുകള്‍ മിക്കതും കഴിയുകയും ഇനിയുള്ളത്‌ അതിവിദൂരഭാവിയിലാവുകയും ചെയ്തതോടെ കേന്ദ്രഭരണകൂടം തങ്ങളുടെ ഒളിപ്പിച്ചുവെച്ച ദംഷ്ട്രകള്‍ ഒന്നൊന്നായി പുറത്തെടുക്കുന്നതിന്റെ ഭാഗം കൂടിയാണ്‌ ഈ സിലിണ്ടര്‍ പരിമിതപ്പെടുത്തല്‍. കേരള നിയമസഭതത്വത്തിലാണെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ ഈ വികലനയത്തിനെതിരെ രംഗത്തുവന്നത്‌ വേറെ വഴിയില്ലാത്തതുകൊണ്ടു മാത്രമാണ്‌. ഞാണിന്മേലുള്ള യുഡിഎഫ്‌ സര്‍ക്കാറിന്റെയാത്രയ്ക്ക്‌ ഒരു തെന്നല്‍ പോലും കനത്ത ഭീഷണിയാണല്ലോ. അതുകൊണ്ട്‌ അതിവിദൂര ഭീഷണി സാധ്യതപോലും അര്‍ഹിക്കുന്നതരത്തില്‍ കണക്കിലെടുക്കേണ്ടിവരും. പ്രതിപക്ഷത്തുനിന്ന്‌ എളമരം കരീംകൊണ്ടുവന്ന ഉപക്ഷേപത്തെ തുടര്‍ന്നുള്ള മറുപടിക്കൊടുവിലാണ്‌ ടി.എം. ജേക്കബ്‌ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന സഭ പാസ്സാക്കിയത്‌. ഇങ്ങനെയൊരു പാസ്സാക്കല്‍ കൊണ്ടു മാത്രം പ്രശ്നങ്ങള്‍ തീരുന്നില്ല. അതൊക്കെ കേന്ദ്രഭരണകൂടം എങ്ങനെ കാണുമെന്ന വലിയപ്രശ്നം അപ്പുറത്തുണ്ട്‌. എങ്കിലും നാടിന്റെ മൊത്തമായ ഒരു വേദന സഭയില്‍ അലയടിച്ചു എന്നത്‌ ചാരിതാര്‍ത്ഥ്യജനകമാണ്‌. അതിന്റെ രാഷ്ട്രീയമാനങ്ങളേക്കാളേറെ അതിലടങ്ങിയ മാനുഷികവശത്തിനാണ്‌ സഭ പ്രാമുഖ്യം നല്‍കിയത്‌. വാസ്തവത്തില്‍ സബ്സിഡി സമ്പ്രദായത്തില്‍ നിന്ന്‌ ഭരണകൂടങ്ങള്‍ പതിയെപ്പതിയെ പിന്‍വാങ്ങുകയാണ്‌. ഭീമന്‍ സബ്സിഡി നല്‍കി ഭരണകൂടത്തിന്‌ കാലാകാലം മുന്നോട്ടുപോകാനാവില്ല എന്ന നിലപാടാണുള്ളത്‌. ഒരര്‍ഥത്തില്‍ അത്‌ ശരിയാണെങ്കിലും സബ്സിഡി നല്‍കിയാല്‍ പോലും വേണ്ടസാധനങ്ങള്‍ സ്വരുക്കൂട്ടാന്‍ കഴിയാത്ത പാവങ്ങളുടെ നാടാണ്‌ ഇന്ത്യയെന്ന്‌ ഇത്തരം ഭരണകൂടങ്ങള്‍ മറന്നുപോകരുത്‌. ദേഹം മുഴുവന്‍ മറയ്ക്കാന്‍ വസ്ത്രം വാങ്ങാന്‍ കഴിവില്ലാത്തവരുടെ വേദനയില്‍ സംവേദിച്ച്‌ അര്‍ധനഗ്നനായി നടന്ന ഗാന്ധിജിയുടെ നാടാണിത്‌ എന്ന്‌ ഗാന്ധിയന്‍ സംസ്കാരത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രീയകക്ഷി മനസ്സിലാക്കുന്നില്ല. ദരിദ്രനാരായണന്‍മാരെ അവഗണിച്ചാലും കോര്‍പറേറ്റ്‌ കൊമ്പനാനകള്‍ക്ക്‌ നെറ്റിപ്പട്ടം കെട്ടുകതന്നെ വേണം എന്നാണ്‌ അഭിനവഗാന്ധിയന്‍ ഭരണകൂടം ശഠിക്കുന്നത്‌.
ഇത്തരം സന്ദിഗ്ധാവസ്ഥകളില്‍ സബ്സിഡി സംസ്കാരത്തെ യുക്തിസഹമാക്കാനുള്ള ശാസ്ത്രീയ നിലപാടുകളാണ്‌ ആവശ്യം. ഇക്കാര്യത്തില്‍ വോട്ടുരാഷ്ട്രീയത്തെ പടിക്കുപുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഒരു സമീപനം സ്വീകരിക്കുകതന്നെ വേണം. മാസം കാല്‍ലക്ഷം വരുമാനമുള്ളയാള്‍ക്കും അതിന്റെ നാലിലൊന്നുപോലും ലഭിക്കാത്തയാള്‍ക്കും ഒരേ സബ്സിഡി അനുവദിക്കുന്നത്‌ മാനുഷികമല്ല, രാഷ്ട്രീയമാണ്‌. അര്‍ഹതയുള്ളയാള്‍ക്ക്‌ അര്‍ഹിക്കുന്നതിന്റെ പരമാവധി അനുവദിക്കുന്ന സംവിധാനമാണ്‌ വേണ്ടത്‌. അതിന്‌ മൈതാനപ്രസംഗങ്ങളോ സെമിനാറുകളോ, മേളകളോ നടത്തേണ്ടയാവശ്യമല്ല. മാനുഷികതയില്‍ ഊന്നിയ നിലപാടുകളും ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തിയാല്‍ മതി. ഇതിനൊന്നും അത്ര ബുദ്ധിമുട്ടില്ല. വിവരസാങ്കേതികത റോക്കറ്റ്‌വേഗത്തില്‍ കുതിച്ചുയരുന്ന ഒരു അന്തരീക്ഷത്തില്‍ ഇതിനൊക്കെ എന്തെങ്കിലും വിഷമമുണ്ടോ? ഇത്തരം കാര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത്‌ ഇതിനെക്കാള്‍ പ്രയാസമേറിയ സംഗതികള്‍ചെയ്തിട്ടില്ലേ? വേണ്ടത്‌ ഇച്ഛാശക്തിയാണ്‌; അതില്‍ രാഷ്ട്രീയ ദുഷ്ടലാക്ക്‌ ഉണ്ടാകാന്‍ പാടില്ല. അത്തരമൊരു ഇച്ഛാശക്തിയിലേക്ക്‌ ബന്ധപ്പെട്ട ഭരണകൂടത്തെ എത്തിക്കാന്‍ പര്യാപ്തമായ ഒരു സംഭവഗതിയാണ്‌ കേരള നിയമസഭപാസ്സാക്കിയ പ്രമേയം. കോര്‍പറേറ്റ്‌ കൊമ്പനാനകളുടെ പാപ്പന്‍മാര്‍ എഴുതിക്കൊടുക്കുന്ന കുറിപ്പുകള്‍ മനപ്പാഠമാക്കി വെച്ച്‌ റിപ്പോര്‍ട്ടുണ്ടാക്കുന്ന വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെയും അതിനൊപ്പം ബോധവാന്‍മാരാക്കണം. പശിയറിയാത്തവന്റെ മുമ്പില്‍ പട്ടിണിയെക്കുറിച്ച്‌ ഘോരഘോര പ്രസംഗം നടത്തിയിട്ട്‌ കാര്യമില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച്‌ സര്‍വസുഖസൗഭാഗ്യങ്ങളുടെയും മഹാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഉല്ലാസയാത്ര നടത്തുന്ന സെക്രട്ടറിമാര്‍ക്ക്‌ ഈ രാജ്യത്തെ ദരിദ്രനാരായണന്‍മാരെക്കുറിച്ച്‌ ബോധ്യമുണ്ടാകുമെന്ന്‌ കരുതുന്ന ഭരണകൂടകാഴ്ചപ്പാടാണ്‌ മാറേണ്ടത്‌. അതിന്‌ ജനങ്ങളുടെ വികാരവിചാരങ്ങള്‍ക്കൊത്ത്‌ ചിന്തിക്കാനും സംവദിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള പ്രതിനിധികള്‍ ഉണ്ടാവണം. ദുര്‍ബലനെ ചവിട്ടിയരക്കാനുള്ള ചെറിയൊരു നീക്കം ശ്രദ്ധയില്‍പെട്ടാല്‍പോലും ഉരുക്ക്‌ മുഷ്ടിയോടെ നേരിടാനുള്ള പ്രാപ്തി അവര്‍ക്കുണ്ടാവണം. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക്‌ അതിന്‌ കഴിയുമോ എന്ന വലിയ ചോദ്യം എല്ലാവരെയും അലോസരപ്പെടുത്തിക്കൊണ്ട്‌ ഉയരുന്നുണ്ട്‌. അതിനുള്ള ചെറുമറുപടിയാവും കേരള നിയമസഭയിലെ ഐകകണ്ഠ്യേനയുള്ള പ്രമേയമെങ്കില്‍ അതൊരു നേട്ടം തന്നെ.

Related News from Archive
Editor's Pick