ഹോം » പൊതുവാര്‍ത്ത » 

മുഴുവന്‍ വൈദ്യുതി നിലയങ്ങളിലും സുരക്ഷാ ഓഡിറ്റ് – ആര്യാടന്‍

July 20, 2011

തിരുവനന്തപുരം: മൂലമറ്റം അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നിലയങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. സംസ്ഥാനത്തെ ഒരു വൈദ്യുതി നിലയത്തിലും അപകട സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചുവരികയാണ്. ഫയര്‍ ഡിറ്റക്ഷന്‍ പ്രൊട്ടക്ഷന്‍ സംവിധാനവും ഓട്ടോമാറ്റിക് ഫയര്‍ ഫൈറ്റിങ് സിസ്റ്റവും ഉപയോഗിച്ചു തീപിടിത്തം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

മുഖ്യ വൈദ്യുതി നിലയങ്ങളില്‍ അപകടങ്ങള്‍ തടയാനുള്ള ആധുനിക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കാലകാലങ്ങളില്‍ ചെയ്യേണ്ട അറ്റകുറ്റ പണികള്‍ കൃത്യമായി ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. വാല്‍വ് ഹൗസുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

അപകടങ്ങള്‍ നേരിടാന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗവുമായി സഹകരിച്ച് ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. എല്ലാ വൈദ്യുതി നിലയത്തിലും ആംബുലന്‍സും സുരക്ഷാ ഉപകരണങ്ങളും ഡ്രസ് കോഡും നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

Related News from Archive
Editor's Pick