ഹോം » കേരളം » 

ധനസ്ഥിതി: ധവളപത്രം ഇറക്കുമെന്ന്‌ മന്ത്രി മാണി

June 18, 2011

കാഞ്ഞങ്ങാട്‌: മുന്‍സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ സംസ്ഥാനം സാമ്പത്തികമായി ശോഭനമായ അവസ്ഥയില്‍ അല്ലെന്നും കേരളം സാമ്പത്തികമായി കടത്തിലാണെന്നും ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. കാഞ്ഞങ്ങാട്‌ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ്‌ അടുത്തമാസം 8ന്‌ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച്‌ ധവളപത്രം ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ്‌ സര്‍ക്കാര്‍ കാസര്‍കോട്‌ ജില്ലയ്ക്ക്‌ പ്രത്യേക പരിഗണന നല്‍കുമെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ പത്ത്‌ കോടി രൂപ അനുവദിച്ചതായും പറഞ്ഞു. മുന്‍ സര്‍ക്കാര്‍ 78 പേര്‍ക്ക്‌ 50,000 രൂപ ധനസഹായമാണ്‌ നല്‍കിയത്‌. എന്നാല്‍ പുതുതായി അധികാരമേറ്റ യുഡിഎഫ്‌ സര്‍ക്കാര്‍ രാഷ്ട്രീയ ഭേദമന്യേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 50,000 രൂപ നല്‍കിയവര്‍ക്ക്‌ വീണ്ടും 50,000 രൂപ വീതവും അവഗണിച്ച മറ്റുള്ളവര്‍ക്ക്‌ ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്നും മാണി പറഞ്ഞു.
വികസനത്തില്‍ പിന്നോക്കാവസ്ഥയിലായ ഹോസ്ദുര്‍ഗ്ഗ്‌ താലൂക്ക്‌ വിഭജിച്ച്‌ മലയോര താലൂക്ക്‌ രൂപീകരിക്കേണ്ട ആവശ്യം സര്‍ക്കാരിന്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ നയപരമായ കാര്യങ്ങളുള്ളതിനാല്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത്‌ ഇതിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോര ഹൈവെയുടെ കാര്യത്തിലും അനുകൂലമായ നിലപാടാണ്‌ സര്‍ക്കാരിനുള്ളതെന്നും മന്ത്രി മാണി പറഞ്ഞു.

Related News from Archive

Editor's Pick