ഹോം » വാര്‍ത്ത » 

മംഗലാപുരം അപകടം: ഒരു വര്‍ഷത്തിനകം നഷ്ടപരിഹാരം നല്‍കണം

July 20, 2011

കൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരു വര്‍ഷത്തിനകം എയര്‍ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചുരുങ്ങിയത് 75 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനാണ് വിധി പ്രഖ്യാപിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവും കുടുംബാംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. എയര്‍ ഇന്ത്യ നേരത്തെ നല്‍കിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.

തങ്ങളുടേതല്ലാത്ത കാരണത്താല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം. പൂര്‍ണ്ണമായ നഷ്ടപരിഹാരത്തുക കണക്കാക്കി ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിമാനാപകട നഷ്ടപരിഹാര പരിധിയില്‍ മംഗലാപുരം അപകടവും ഉള്‍പ്പെടുമെന്നും എന്നാല്‍ എയര്‍ ഇന്ത്യ 35 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും ഇത് അപര്യാപ്തമെന്നും ഒന്നര കോടിയെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

2010 മേയ് 22നാണു ദുബായില്‍ നിന്നു മംഗലാപുരത്തേക്കു പോവുകയായിരുന്ന എയര്‍ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളായിരുന്നു. കാസര്‍കോട് ജില്ലയില്‍നിന്ന് മാത്രം 48 പേര്‍ മരിച്ചു. കാസര്‍കോട് താലൂക്കില്‍നിന്ന് 28 പേരും ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍നിന്ന് 20 പേരും മരിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick