നാരായണ മൂര്‍ത്തിക്ക് നരേന്ദ്രമോഡിയുടെ ക്ഷണം

Wednesday 20 July 2011 12:30 pm IST

അഹമ്മദാബാദ്‌: ഇന്‍ഫോസിസ്‌ മേധാവിയായിരുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക്‌ ഗുജറാത്തിലേക്ക്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സ്വാഗതം. യുവതലമുറയെ ആധുനിക തൊഴില്‍ മേഖലകളിലേക്ക്‌ വാര്‍ത്തെടുക്കുന്നതിനായി തുടക്കമിടുന്ന സ്ഥാപനത്തിന്റെ തലവനായാണ്‌ നാരായണമൂര്‍ത്തിയ്ക്ക്‌ ക്ഷണം ലഭിച്ചത്‌. ഗുജറാത്തില്‍ ഇന്‍ഫോസിസ്‌ റിസര്‍ച്ച്‌ സെന്റര്‍ തുടങ്ങാനുള്ള താത്‌പര്യവും മോഡി നാരായണമൂര്‍ത്തിയുമായുള്ള കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു. മാനവവിഭവശേഷി വിഭാഗത്തില്‍ സ്വയംഭരണാവകാശമുള്ള സ്ഥാപനം തുടങ്ങാനാണ്‌ സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും നാരായണമൂര്‍ത്തിയെ പോലെയുള്ള പ്രമുഖന്‍ സ്ഥാപനത്തിന്റെ തലപ്പത്ത്‌ വരുന്നതോടെ കഴിവുള്ള യുവനിരയ്ക്ക്‌ ഭാവിയിലേക്കുള്ള കുതിപ്പിനുള്ള വിശാലമായ അവസരം ലഭിക്കുമെന്നും മോഡി പറഞ്ഞു. മോഡി സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്ഥാപനത്തില്‍ ഇത്തരമൊരു വാഗ്‌ദാനം ലഭിച്ചതില്‍ അതീവ സന്തുഷ്‌ടനാണെന്നും എന്നാല്‍ എത്രസമയം സ്ഥാപനത്തില്‍ ചെലവഴിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടാകാമെന്നും ഈ കാര്യത്തില്‍ സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും നാരായണമൂര്‍ത്തി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സമൂഹ്യപ്രതിബദ്ധതയുള്ള ചുമതലകള്‍ ഇന്‍ഫോസിസ്‌ മേധാവികള്‍ സ്വീകരിക്കുന്നത്‌ ഇതാദ്യമായല്ല. മുന്‍ സി. ഇ .ഒ നന്ദന്‍ നികലേനി കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ സമ്പ്രദായമായ ആധാര്‍ പദ്ധതിയുടെ നേതൃത്വത്തിലെത്തിയത്‌ ഈയടുത്താണ്‌. കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റാബേസ്‌ സംവിധാനത്തിലൂടെയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഐ.ടി സെന്റര്‍ തുടങ്ങുന്നതിന്‌ സ്ഥലം ലഭ്യമാക്കുന്നതിനായി ഇന്‍ഫോസിസ്‌ ഇതിനകം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ ഇന്‍ഫോസിസ്‌ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ തന്നെ ഐ.ടി സെന്റര്‍ സാദ്ധ്യത തിരക്കി ഗുജറാത്ത്‌ സര്‍ക്കാരിനെ നിരവധി തവണ സമീപിച്ചിരുന്നു