ആലപ്പുഴ: നഗരത്തിലെ ചില പെട്രോള്‍ പമ്പുകളില്‍ ഇരുചക്രവാഹന ഉടമകളെ വിലകൂടിയ പെട്രോള്‍ അടിക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആക്ഷേപം.സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് രണ്ട് രൂപയിലധികം വിലയുണ്ട് എക്സ്ട്രാ പ്രീമിയത്തിന്. ഉപഭോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ എക്സ്ട്രാ പ്രീമിയം പെട്രോള്‍ അടിക്കുന്നത് പലപ്പോഴും ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രി ജങ്ഷനു സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിലെ ജീവനക്കാരന് ഇരുചക്രവാഹന ഉടമയുടെ അനുമതി തേടാതെ വിലകൂടിയ പെട്രോളായ എക്സ്ട്രാ പ്രീമിയം അടിച്ചുനല്‍കിയത് വാക്ക് തര്‍ക്കത്തിന് കാരണമായി.ഇത് ചോദ്യം ചെയ്ത വാഹന ഉടമയോട് സാധാരണ പെട്രോള്‍ വേണമെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. പെട്രോളിന് ദൈനംദിനമെന്നോണം വിലകൂടുകയാണെന്നിരിക്കെ, വിലകൂടിയ എക്സ്ട്രാപ്രീമിയം പെട്രോള്‍ കൂടുതല്‍ വില്പന നടത്തി അമിതലാഭം കൊയ്യാനുള്ള പെട്രോള്‍ പമ്പുടമകളുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: