തിരുവനന്തപുരം: സിപിഎം മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന പി.എ.ഗോകുല്ദാസിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ ഇളവ് നല്കാന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനിച്ചു. ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്ന ഗോകുല്‍ദാസിനെ ഏരിയാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. ഗോകുല്‍ദാസ് നിര്‍ദ്ദേശിക്കുന്ന ആളെ ഏരിയാസെക്രട്ടറിയാക്കാനും തീരുമാനമായി. മുണ്ടൂരിലെ സംഘടനാപ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച എളമരം കരീം സമര്‍പ്പിച്ച റിപോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം.
പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസിനെ വിഭാഗീയത ആരോപിച്ച് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒന്‍പത് ഏരിയാകമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ വിമതവിഭാഗം പ്രത്യേക കണ്വന്ഷന് വിളിച്ചുച്ചേര്‍ക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലാകമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരേ ഗോകുല്‍ദാസ് സംസ്ഥാനസമിതിയ്ക്ക് അപ്പീല്‍ നല്‍കിയിരുന്നു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നേരത്തേ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പാലക്കാട് എത്തി ചര്‍ച്ച നടത്തിയിരുന്നു. അന്ന് തന്നെ ഗോകുല്‍ദാസിനെ ഏരിയ കമ്മറ്റിയില്‍ തിരിച്ചെടുക്കാന്‍ ധാരണയായിരുന്നു.
മുണ്ടൂരില്‍ പി.എ. ഗോകുല്‍ദാസിനെ പുറത്താക്കിയതും ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ളവര്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാനുള്ള നീക്കങ്ങള്‍ നടത്തിയതിനെയും തുടര്‍ന്ന് എളമരം കരീമിനെ അന്വേഷണ കമ്മീഷനായി സിപിഎം സംസ്ഥാന നേതൃത്വം നിയോഗിച്ചിരുന്നു. കരീം നല്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഗോകുല്ദാസിനെതിരെയുള്ള നടപടികളില്‍ ഇളവ് വരുത്താനും അദ്ദേഹത്തെ അനുനയിപ്പിക്കാനും സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ഗോകുല്‍ദാസിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്ത്തിയാണ്പാര്ട്ടി ജില്ലാ നേതൃത്വം നടപടിയെടുത്തത്. പാര്‍ട്ടി ഏരിയാ കമ്മറ്റിയില്‍നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗോകുല്‍ദാസും അനുയായികളും ഒഞ്ചിയത്തിന് സമാനമായ രീതിയിലാണ് സമാന്തര പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി അവര്‍ സമാന്തര കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തിരുന്നു. പാലക്കാട് ജില്ലയിലെ കുറഞ്ഞത് മൂന്ന് നിയോജകമണ്ഡലങ്ങളില്‍ ഇത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഗോകുല്‍ദാസുമായി അനുരഞ്ജന നീക്കം നടത്തിയതും തുടര്‍ന്ന് എളമരം കരീമിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: