ന്യൂയോര്‍ക്ക്: ഐഎംഎഫ് മുന്‍ മേധാവി ഡൊമനിക് സ്ട്രോസ് ഖാനെതിരായ ലൈംഗീകാപവാദ കേസ് ഒത്തുതീര്‍ന്നതായി റിപ്പോര്‍ട്ട്. ഹോട്ടല്‍ പരിചാരികയായ നഫീസാതോ ദിയാലോ നല്കിയ കേസാണ് ഒത്തുതീര്‍ക്കാന്‍ ധാരണയായത്.
ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസിനെ തുടര്‍ന്ന് സ്ട്രോസ് ഖാന് അറസ്റ്റിലായിരുന്നു. എന്നാല്‍ നിയമപരമായി ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പുവെച്ചില്ലെന്നും കേസ് തീര്‍ക്കാന്‍ നഫീസാതോ ദിയാലോയ്ക്ക് സ്ട്രോസ് ഖാന് പണം നല്‍കിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുവരുടെയും അഭിഭാഷകര്‍ അടുത്ത ആഴ്ച ബ്രോണ്‍ക്സിലെ ന്യായാധിപന് മുന്‍പാകെ ധാരണ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ധാരണയിലെത്തിയതായി എന്‍ബിസി ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇരുവരുടെയും അഭിഭാഷകരോ അടുപ്പക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: