ഹോം » ലോകം » 

നോര്‍വെ ആക്രമണം; മരണം 91 ആയി

July 23, 2011

ഒസ്‌ലോ: നോര്‍വെയില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 91 പേര്‍ മരിച്ചു. തലസ്ഥാനമായ ഒസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനടുത്തെ സര്‍ക്കാര്‍ കെട്ടിടത്തിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഓട്ടോയിയില്‍ ലേബര്‍ പാര്‍ട്ടിയുടെ യുവജന ക്യാംപിനു നേരെ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ 80 പേര്‍ മരിച്ചു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണ്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ വേനല്‍കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനാ‍യ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നൊര്‍വേകാരനാണ്. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് നേര ആക്രമണം ഉണ്ടായപ്പോള്‍ പരിഭ്രാന്തരായി ഓടിയവര്‍ക്ക് നേരെയും അക്രമികള്‍ നിറയൊഴിച്ചു.

പ്രധാനമന്ത്രി ജെന്‍സ്‌ സ്റ്റോര്‍ട്ടണ്‍ ബര്‍ഗ്‌ സംഭവസമയത്ത്‌ ഓഫീസിലുണ്ടായിരുന്നില്ല. കെട്ടിടത്തിന്‌ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഓസ്‌ലോയില്‍ പ്രധാന സര്‍ക്കാര്‍ മന്ദിരത്തില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു ആദ്യസ്ഫോടനമുണ്ടായത്‌. പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ഒരു പത്രം ഓഫീസും പ്രവര്‍ത്തിക്കുന്ന 17 നില കെട്ടിടത്തിലായിരുന്നു വന്‍സ്ഫോടനമുണ്ടാത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓസ്‌ലോയിലെ ലേബര്‍ പാര്‍ട്ടിയുടെ യൂത്ത്‌ ക്യാമ്പില്‍ വെടിവയ്പ് നടന്നു.

പട്ടാളവും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. ജനങ്ങള്‍ നഗരകേന്ദ്രത്തില്‍ ഇറങ്ങരുതെന്നു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീണ്ടും സ്ഫോടനമുണ്ടായേക്കാമെന്ന സംശയത്തെത്തുടര്‍ന്നു ജനങ്ങളെ ചിലയിടങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്‌. നാറ്റോയിലെ അംഗമെന്ന നിലയില്‍ അഫ്‌ഗാനിസ്ഥാനിലും ലിബിയയിലും നാറ്റോ സഖ്യസേനയില്‍ സഹകരിക്കുന്നതിന്റെ പേരില്‍ നോര്‍വേക്ക് തീവ്രവാദി സംഘടന അല്‍ ക്വയിദയില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു

Related News from Archive
Editor's Pick