ഹോം » ഭാരതം » 

രാഷ്ട്രപതി വിദേശപര്യടനത്തിനായി നാളെ തിരിക്കും

July 23, 2011

ന്യൂദല്‍ഹി: ഒരാഴ്ചത്തെ വിദേശ പര്യടനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നളെ യാത്ര തിരിക്കും. ദക്ഷീണ കൊറിയയും മംഗോളിയയുമായിരിക്കും രാഷ്ട്രപതി സന്ദര്‍ശിക്കുക. ഇരുരാജ്യങ്ങളുമായുള്ള സാമ്പത്തിക, വാണിജ്യ, ആണവ സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

2010ലെ ഉഭയകക്ഷി കരാറിന് ശേഷം കൊറിയയില്‍ നിന്നും വന്‍‌തോതിലുള്ള നിക്ഷേപമാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഹുണ്ടായ്, എല്‍.ജി, സാംസങ് തുടങ്ങിയ മുന്‍‌നിര കമ്പനികളടക്കം മുന്നൂറ് കൊറിയന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. 40,000 ഇന്ത്യാക്കാരെങ്കിലും രാജ്യത്തെ കൊറിയന്‍ സംരംഭങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ 2014ഓടെ 30 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യ, സാമ്പത്തിക ബന്ധം ദൃഢമായ സാഹചര്യത്തില്‍ സൈനികേതര രംഗത്തെ ആണവ സഹകരണം സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ക്ക് കൂടി പ്രസിഡന്റിന്റെ സന്ദര്‍ശനം വേദിയാകും

ഒക്ടോബറില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് ദക്ഷിണ കൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ആണവ കരാര്‍ സംബന്ധിച്ച ഏകദേശ ധാരണയിലെത്തിയിരുന്നു. കൊറിയന്‍ പ്രസിഡന്റടക്കമുള്ള നേതാക്കളുമായി പ്രതിഭാ പാട്ടീല്‍ കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസം ദക്ഷിണ കൊറിയയില്‍ ചെലവിട്ട ശേഷം ബുധനാഴ്ചയോടെ മംഗോളിയയിലേക്ക് പോകും.

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസ്ഡന്റ് മംഗോളീയ സന്ദര്‍ശിക്കുന്നത്. വന്‍ തോതില്‍ യുറേനിയം നിക്ഷേപമുള്ള മംഗോളിയയുമായുള്ള ഇന്ത്യയുടെ ബന്ധം ലോക രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

Related News from Archive
Editor's Pick