ഹോം » സംസ്കൃതി » 

കനകധാരാസഹസ്രനാമസ്തോത്രം

July 23, 2011

രാകേന്ദുവദനാ രമ്യാ രാധാമാധവരൂപിണി
രാജാരാജാര്‍ച്ചിതപദാ രാജരാജപദപ്രദാ
രാകേന്ദുവദനാ – വെളുത്തവാവുന്നാളിലെ പൂര്‍ണചന്ദനെപ്പോലെ പ്രകാശം പൊഴിക്കുന്ന സുന്ദരമായ മുഖമുള്ളവള്‍, സുന്ദരി. ലോകത്ത്‌ സുന്ദരമായും ആകര്‍ഷകമായും കാണപ്പെടുന്നവയെല്ലാം മഹാലക്ഷ്മിയുടെ വിഭൂതികളാണെന്ന്‌ മുമ്പ്‌ പറഞ്ഞിരുന്നത്‌ ഓര്‍ക്കുക.
രമ്യാ – ആഹ്ലാദകാരിയായ അഴകുള്ളവള്‍, സുന്ദരി. മുന്‍ നാമത്തിന്റെ അര്‍ത്ഥത്തിന്റെ തുടര്‍ച്ചയായി കരുതാവുന്ന നാമം.
രാധാമാധവരൂപിണി – രാധയും മാധവനുമായി രൂപം പൂണ്ടവള്‍. രാധയും മാധവനും വൈഷ്ണവപാരമ്പര്യത്തിലെ ഉദാത്തമായ സങ്കല്‍പമാണ്‌. എല്ലാ ലോകങ്ങള്‍ക്കും മുകളിലുള്ള ‘ഗോ ‘ലോകത്തില്‍ രാസലീലയില്‍ മുഴുകിക്കഴിയുന്ന രാധയും മാധവനും നിത്യയൗവനമുള്ള പുരാണജയാവരരാണെന്നാണ്‌ വള്ളത്തോള്‍ മഹാകവി അഭിപ്രായപ്പെടുന്നത്‌. ശിവനും ശക്തിയും തമ്മിലെന്ന പോലെയുള്ള അവിനാഭാവബന്ധമാണ്‌ ഈ പുരാണജായാവരര്‍ക്കുള്ളത്‌.
ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധത്തെ പ്രതീകാത്മകമായി ആവിഷക്കരിച്ചതാണ്‌ രാധാകൃഷ്ണ സങ്കല്‍പമെന്ന്‌ ചില ആചാര്യന്മാര്‍ പറയുന്നു. പുരുഷനും പ്രകൃതിയുമാണെന്നും മറ്റുചിലര്‍. ലക്ഷ്മീതന്ത്രവ്യാഖ്യാതാവായ ഒരു ആചാര്യന്‍ ആദിലക്ഷ്മി പ്രപഞ്ച സൃഷ്ടിക്കായി സ്വീകരിച്ച രണ്ടുരൂപങ്ങളുടെ സമന്വയമാണ്‌ രാധാമാധവ സ്വരൂപമെന്ന്‌ പറയുന്നു. നമ്മുടെ ചര്‍ച്ചയ്ക്ക്‌ ഏറ്റവും യോജിച്ചത്‌ ഈ വ്യാഖ്യാനമാണ്‌.
രാജരാജാര്‍ച്ചിതപദാ: രാജരാജനാല്‍ അര്‍ച്ചിക്കപ്പെട്ട പാദങ്ങളുള്ളവള്‍. രാജരാജന്‍ കുബേരന്റെ പര്യായമാണ്‌. എല്ലാ സമ്പത്തിന്റെയും അധിപനായ കുബേരന്‌ ആ പദവി കിട്ടിയത്‌ ലക്ഷ്മീ കടാക്ഷം കൊണ്ടാണ്‌. ആ കടാക്ഷം ലഭിക്കാനായി കുബേരന്‍ ദേവിയെ ആരാധിച്ചുപ്രസാദിപ്പിച്ചു.
രാജരാജശബ്ദം ചന്ദ്രപര്യായവുമാണ്‌. ചന്ദ്രനും സൂര്യനും ദേവിയെ ആരാധിച്ച്‌ ദേവിയുടെ പാദ നവ മയൂഖങ്ങളില്‍ ഒന്നിന്റെ പ്രകാശം നേടിയത്‌ മുമ്പ്‌ പറഞ്ഞിരുന്നു.
ചക്രവര്‍ത്തി എന്ന അര്‍ത്ഥവും രാജാരാജപദത്തിനുണ്ട്‌. ചക്രവര്‍ത്തിമാരാല്‍ അര്‍ച്ചിക്കപ്പെടുന്ന പാദങ്ങള്‍ ഉള്ളവള്‍ എന്നും വ്യാഖ്യാനിക്കാം.
രാജരാജപദപ്രദാ: രാജരാജന്റെ പദവി തരുന്നവള്‍. ഇവിടെ രാജരാജന്‍ കുബേരനോ ചക്രവര്‍ത്തിയോ ആകാം. കുബേര പദവി തരുന്നവള്‍ എന്നോ ചക്രവര്‍ത്തിയുടെ പദവിയായ സാമ്രാജ്യാധിപത്യം തരുന്നവള്‍ എന്നോ അര്‍ത്ഥം പറയാം.
ഈ ശ്ലോകത്തിലെ ആദ്യപദമായ ‘രാകേന്ദുവദനാ’ എന്ന നാമത്തിന്റെ ആദ്യക്ഷരം കനകധാരാമന്ത്രത്തിലെ ഒന്‍പതാമത്തെ മന്ത്രാക്ഷരമായ ‘രാ’ ആണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick