പൊമേറിയനു പകരം നാടന്‍ പട്ടികുട്ടി: മര്‍ച്ചണ്റ്റ്‌ നേവി ഉദ്യോഗസ്ഥന്‍ കോടതിയിലെത്തി

Saturday 23 July 2011 11:09 pm IST

കാഞ്ഞങ്ങാട്‌: പൊമേറിയന്‍ പട്ടിക്കുട്ടിയെന്ന്‌ ധരിപ്പിച്ച്‌ നാടന്‍ പട്ടിക്കുട്ടിയെ നല്‍കിയ കടയുടമെക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ മര്‍ച്ചണ്റ്റ്സ്‌ നേവി ഉദ്യോഗസ്ഥന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. കാലിച്ചാനടുക്കത്തെ തമ്പാന്‍ നായരുടെ മകനും മര്‍ച്ചണ്റ്റ്സ്‌ നേവിക്കാരനുമായ പി.ശരത്‌ കുമാറാണ്‌ കാഞ്ഞങ്ങാട്‌ എല്‍.ഐ.സി ഓഫീസിന്‌ പിറകിലുള്ള പെറ്റ്‌ പാരഡൈസ്‌ ഉടമ ചന്ദ്രനെതിരെ 75൦൦൦ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഫോറത്തെ സമീപിച്ചത്‌. 2009 നവംബറില്‍ ലീവില്‍ നാട്ടിലെത്തിയ ശരത്‌ കുമാര്‍ പെറ്റ്‌ പാരഡൈസില്‍ എത്തിയാണ്‌ പട്ടിക്കുട്ടിയെ വാങ്ങിയത്‌. നല്ലയിനം പോമറേനിയന്‍ പട്ടിയെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ 27൦൦ രൂപ നല്‍കിയാണ്‌ പട്ടിയെ വാങ്ങിയത്‌. അടുത്ത ദിവസം പട്ടിയെ ഒരു ബന്ധുവിന്‌ സമ്മാനിച്ച ശരത്‌ തിരിച്ചു പോയി. വീണ്ടും ലീവിനെത്തിയപ്പോഴാണ്‌ മുമ്പ്‌ സമ്മാനിച്ച പട്ടി നാടന്‍ ഇനത്തില്‍പ്പെട്ടതാണെന്ന്‌ ബന്ധു പറഞ്ഞത്‌. എന്നാല്‍ ഈ കാര്യം കടയുടമയെ അറിയിച്ചുവെങ്കിലും അദ്ദേഹം കളിയാക്കി സംസാരിക്കുകയായിരുന്നുവത്രെ. ഇതേ അനുഭവം തന്നെ ശരത്‌ കുമാറിണ്റ്റെ രണ്ട്‌ സുഹൃത്തുക്കളായ നെല്ലിക്കാട്ടെ അപ്പാട്ടി ബാലകൃഷ്ണന്‍, മുപ്പിലെ പ്രദീഷ്‌ എന്നിവര്‍ക്കും ഉണ്ടായതായി ഹര്‍ജിയില്‍ പറയുന്നു. പട്ടിക്കുട്ടിക്ക്‌ നല്‍കിയ 2700 രൂപയും പരാതിക്കാരനെ വഞ്ചിക്കുകയും ബന്ധുക്കളുടെ ഇടയില്‍ അപമാനിതനാക്കുകയും ചെയ്തതിന്‌ 75000 ൦ രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അഡ്വക്കേറ്റ്‌ പി.വൈ.അജയകുമാര്‍ വഴി ഫോറത്തില്‍ കേസ്‌ ഫയല്‍ ചെയ്തത്‌. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷിക്ക്‌ നോട്ടീസ്‌ അയക്കുവാന്‍ ഉത്തരവായി.