ഹോം » ലോകം » 

ഓസ്ലോ അക്രമം പ്രതി കുറ്റമേറ്റ്‌ പറഞ്ഞു

July 24, 2011

ഓസ്ലോ: മധ്യ ഓസ്ലോവിലെ കത്തീഡ്രലില്‍ കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിനാളുകള്‍ വെള്ളിയാഴ്ചയിലെ ദുരന്തത്തില്‍പ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ഉപചാരമര്‍പ്പിച്ചു. ബോംബാക്രമണവും അതിനുശേഷമുണ്ടായ വെടിവെപ്പിലും 93 പേര്‍ മരിച്ചിരുന്നു.
യൂത്ത്ക്യാമ്പില്‍ നടത്തിയ വെടിവെപ്പില്‍ പിടിയിലായ ആന്‍ഡേഴ്സ്‌ ബെഹ്‌റിംഗ്‌ ബ്രെവിക്‌ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌. തന്റെ നടപടി ബീഭത്സമായതെങ്കിലും അനിവാര്യമായിരുന്നുവെന്ന്‌ ബ്രെവിക്‌ കുറ്റസമ്മതം നടത്തി. നിലപാടുകള്‍ തിങ്കളാഴ്ച കോടതിക്കു മുമ്പാകെ ബോധിപ്പിക്കുമെന്നും അയാള്‍ വെളിപ്പെടുത്തി. 86 പേര്‍ വെടിവെപ്പിലും ഏഴുപേര്‍ അതിനുമുമ്പു നടന്ന ബോംബാക്രമണത്തിലുമായി കൊല്ലപ്പെട്ടിരുന്നു. നാലുപേരെയെങ്കിലും വെടിവെപ്പിനിടയില്‍ കാണാതായതായി പോലീസ്‌ കരുതുന്നു. അവര്‍ക്കായി ചെറിയ മുങ്ങിക്കപ്പലുകളുമായി തെരച്ചില്‍ തുടരുകയാണ്‌. ഭീകരപ്രവര്‍ത്തനം നടത്തിയെന്നതാണ്‌ ബ്രെവിക്കിനെതിരെ പോലീസ്‌ ആരോപണകുറ്റം. ഇയാള്‍ക്ക്‌ വലതുപക്ഷ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കപ്പെടുന്നു. യൂട്യൂബില്‍ ആട്ടോമാറ്റിക്‌ ആയുധങ്ങളുമായി നില്‍ക്കുന്ന അയാളുടെ 12 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം ഇസ്ലാം വിരുദ്ധ നൈറ്റ്സ്‌ ടെംപ്ലാര്‍ 2083 എന്ന വീഡിയോവിലുണ്ട്‌. ബ്രെവിക്ക്‌ എഴുതി എന്നു പറയപ്പെടുന്ന 1500 പേജോളം വരുന്ന രേഖ അന്‍ഡ്രു ബെര്‍വിക്‌ എന്ന കള്ളപ്പേരില്‍ ആക്രമണത്തിന്‌ മണിക്കൂറുകള്‍ക്കുമുമ്പേ ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. ആക്രമണത്തിനുള്ള പദ്ധതി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആരംഭിച്ചതാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

Related News from Archive
Editor's Pick