ഹോം » പൊതുവാര്‍ത്ത » 

സിനിമാരംഗത്തെ പ്രമുഖര്‍ നിരീക്ഷണത്തില്‍

July 24, 2011

കൊച്ചി: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ സിനിമാരംഗത്തെ പല പ്രമുഖരും ആദായവകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരുടെ വ്യാപാര പങ്കാളികളും നിരീക്ഷണത്തിലാണ്‌.
നികുതി ഇനത്തില്‍ കോടികളാണ്‌ സര്‍ക്കാരിന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. 50ലക്ഷം മുതല്‍ ഒന്നരക്കോടി രൂപവരെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ പ്രതിഫല തുക കുറച്ചുകാണിച്ച്‌ നികുതിയില്‍നിന്നും തന്ത്രപരമായി രക്ഷപ്പെടുകയാണ്‌ പതിവ്‌. താരങ്ങള്‍ നല്‍കിയ നികുതി റിട്ടേണും നിര്‍മാതാക്കള്‍ നല്‍കിയ റിട്ടേണും തമ്മില്‍ വലിയ അന്തരമാണ്‌ പരിശോധനയില്‍ വ്യക്തമായത്‌. കൂടാതെ സൂപ്പര്‍താരങ്ങള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവരുടെ വ്യാപാരശൃംഖലയുടെ വ്യാപ്തിയും ആദായനികുതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബ്രാന്‍ഡ്‌ അംബാസഡര്‍ പദവിയിലൂടെയും താരങ്ങള്‍ കോടികളാണ്‌ സമ്പാദിച്ചുകൊണ്ടിരിക്കുന്നത്‌. സൂപ്പര്‍താരങ്ങളുടെ വസതികളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിനോടൊപ്പം ഒരു യുവ താരത്തിന്റെ വസതിയിലും റെയ്ഡ്‌ നടത്താന്‍ ആദായനികുതിവകുപ്പിന്‌ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും പിന്നീട്‌ മാറ്റിവയ്ക്കുകയായിരുന്നു. ഈ യുവതാരത്തിന്‌ ദുബായി കേന്ദ്രീകരിച്ച്‌ ബിസിനസ്‌ ശൃംഖലതന്നെയുണ്ട്‌. കൂടാതെ റിയല്‍എസ്റ്റേറ്റ്‌ ബിസിനസും.
സൂപ്പര്‍താരങ്ങളുടെ വസതിയിലെ റെയ്ഡ്‌ നാളെ വീണ്ടും തുടങ്ങും. നാളെമോഹന്‍ലാല്‍ വീട്ടിലെത്തും. അതിനുശേഷം മാത്രമേ രണ്ട്‌ ലോക്കറുകള്‍ തുറക്കാന്‍ കഴിയൂ. കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ കണ്ടെടുത്ത രേഖകളുടെ വിശദമായ പരിശോധന നീളും. രേഖകളുടെ ആധികാരിക പരിശോധന നടത്തേണ്ടതുണ്ട്‌. സൂപ്പര്‍താരങ്ങളുടെ വസ്തു ഇടപാടുകളെ സംബന്ധിച്ചും വിദശമായ അന്വേഷണം നടക്കുന്നുണ്ട്‌. ഇവരുടെ പേരിലുള്ള സ്ഥലങ്ങളും അതിന്റെ രജിസ്ട്രേഷന്‍ നടപടികളും പരിശോധിച്ച്‌ വരികയാണ്‌. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ ചില ഇടനിലക്കാരെയും ചോദ്യം ചെയ്യും. ഇതിനിടെ, മോഹന്‍ലാലിന്റെ വസതിയില്‍നിന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ആനക്കൊമ്പ്‌ സംബന്ധിച്ച്‌ വനംവകുപ്പ്‌ പരിശോധന തുടരുന്നു. ഇത്‌ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ്‌ സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്‌. ലൈസന്‍സ്‌ ഇല്ലാതെ ആനക്കൊമ്പ്‌ സൂക്ഷിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാം. ലൈസന്‍സ്‌ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹിന്ദി സിനിമാ താരത്തിന്റെ അവസ്ഥയാകും മോഹന്‍ലാലിന്‌ ഉണ്ടാകുക. എന്നാല്‍ ഇതുസംബന്ധിച്ച്‌ സിനിമാതാരമായ വനംവകുപ്പ്‌ മന്ത്രിയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന മോഹന്‍ലാലിന്‌ ആശ്വാസമേകുന്നതാണ്‌.
സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വസതികളിലും സ്ഥാപനങ്ങളിലും കേന്ദ്ര ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്ഡ്‌ മലയാള സിനിമാ രംഗത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്‌. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന മലയാള സിനിമാ ലോകത്തെ താരങ്ങളെ കൂടാതെ നിര്‍മാതാക്കളും സംവിധായകരും ആശങ്കയിലാണ്‌. നികുതിവകുപ്പിന്റെ അടുത്ത ഇര തങ്ങളാണോയെന്ന ഉത്കണ്ഠയിലാണവര്‍. റെയ്ഡിനെത്തുടര്‍ന്ന്‌ സിനിമാരംഗത്തെ ഒട്ടേറെ ബിനാമി ഇടപാടുകള്‍ പുറത്തുവരുമെന്നും സൂചനയുണ്ട്‌. മൂന്ന്‌ മാസമായി താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഉന്നതതലത്തിലുള്ള കൂടിയാലോചനകള്‍ക്ക്‌ ശേഷമാണ്‌ ഇരുവരുടെയും വീടുകളില്‍ പരിശോധന ആരംഭിച്ചത്‌.
സ്വന്തം ലേഖകന്‍

Related News from Archive

Editor's Pick