ഹോം » പ്രാദേശികം » കോട്ടയം » 

പഞ്ചായത്ത്‌ വിലക്കിയിട്ടും ജനവാസ കേന്ദ്രത്തില്‍ പന്നി-കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി

July 25, 2011

കണ്ണിമല: ഗ്രാമപഞ്ചായത്തധികൃതര്‍ വിലക്കിയിട്ടും ജനവാസ കേന്ദ്രത്തിനു നടുവില്‍ പന്നി-കോഴി ഫാമുകള്‍ സ്വകാര്യ വ്യകിത പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരുടെ പരാതി. ഉറുമ്പിപാലം-കണ്ണിമല റോഡരുകിലാണ്‌ പന്നിഫാമടക്കം മൂന്നുകോഴിഫാമുകള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്‌. അനധികൃത ഫാമിനെക്കുറിച്ച്‌ രണ്ടുതവണയിലധികം വിവിധ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ കഴിഞ്ഞദിവസം കളക്ടര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. മുണ്ടക്കയം-എരുമേലി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഫാമിലെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി വാന്‍ ദുര്‍ഗന്ധമാണ്‌ വമിക്കുന്നത്‌. പരിസരവാസികള്‍ക്ക്‌ രോഗങ്ങളും. കൊരട്ടിയിലെ കുടിവെള്ളപദ്ധതി ടാങ്കിനു മുകള്‍ഭാഗത്തുകൂടിയാണ്‌ മണിമലയാറിലേക്ക്‌ മാലിന്യം കലര്‍ന്ന ജലം ഒഴുക്കി വിടുന്നതെന്നും പറയുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന്‍റെ പശ്ചാത്തലത്തിലാണ്‌ കളക്ടര്‍ അടക്കമുള്ള മറ്റു ബന്ധപ്പെട്ട വകുപ്പധികൃതര്‍ക്ക്‌ പരാതി നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായത്‌. പഞ്ചായത്തധികൃതര്‍ വിലക്കിയിട്ടും ഫാമുകള്‍ സ്വകാര്യവ്യക്തി പ്രവര്‍ത്തിപ്പിക്കുകയാണെന്നും, പഞ്ചായത്തിന്‍റെ വിലക്ക്‌ അനുസരിക്കാത്ത്‌ ഫാം ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനങ്ങളെ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കി ദുരിതത്തിലാക്കി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കെതിരെ സമരപരിപാടിയുടമായി നാട്ടുകാര്‍ക്ക്‌ രംഗത്തിറങ്ങേണ്ടിവരുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായ പേഴുംകാട്ടില്‍ അബ്ദുള്‍കരീം, രാജഭവനം രാജന്‍, ജസിലിബാലു, പി.ജെ.തോമസ്‌ പാറയ്ക്കല്‍, മാര്‍ട്ടിന്‍ ജോസഫ്‌ സ്രാകത്ത്‌ എന്നിവര്‍ പറഞ്ഞു. നിയമാനുസൃതമായി ഫാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യാതൊരുവിധ സര്‍ക്കാര്‍ ഉത്തരവുകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ കോടതിയിലേക്ക്‌ കേസുമായി പോകാനുള്ള തയ്യാറെടുപ്പിലാണ്‌ ആക്ഷന്‍ കൌണ്‍സില്‍.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick