ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളുടെ നീക്കം. പെട്രോളിന് ഒരു രൂപയും ഡീസിലിന് 50 പൈസയും കൂട്ടാനാണു നീക്കം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത പെട്രോളിയം ഉത്പന്നങ്ങളിലുണ്ടായ വില വര്‍ധനയാണ് നിരക്കു വര്‍ധനയ്ക്കു കാരണമായി പറയുന്നത്. നേരത്തെ പെട്രോളിനു മാത്രമായിരുന്നു എണ്ണക്കമ്പനികള്‍ വിപണിയിലെ ചാഞ്ചാട്ട മനുസരിച്ചു വില കൂട്ടിയിരുന്നത്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതോടെ ഇപ്പോള്‍ ഡീസലിനും എണ്ണക്കമ്പനികള്‍ക്കു വില വര്‍ധിപ്പിക്കാവുന്ന സാഹചര്യമാണ്.
ജനുവരിയിലാണ് പെട്രോളിന് പിന്നാലെ ഡീസലിന്റെ വില നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്കു ജനുവരി 17 ന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. സബ്സിഡി കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. ഇതേത്തുടര്‍ന്നു ലിറ്ററിനു 45 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ലിറ്ററിന് 47.65 രൂപയാണ് വില. പെട്രോളിന്റെ വില നിയന്ത്രണാവകാശം നേരത്തേ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസല്‍ 9.28 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് പെട്രോളിയം കമ്പനികളുടെ വാദം.
ഡീസല്‍ വിലയില്‍ സമയബന്ധിതമായി വര്‍ധന വരുത്താനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് എണ്ണക്കമ്പനികള്‍ ഡീസല്‍ വില എല്ലാ മാസവും 50 പൈസ വീതം വര്‍ധിപ്പിക്കും. ക്രമമായി വില വര്‍ദ്ധിപ്പിച്ച് 2015ഓടെ ഡീസല്‍ സബ്സിഡി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഡീസലിന്റെ വിലനിയന്ത്രണം നീക്കിയ വിവരം പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയാണ് പ്രഖ്യാപിച്ചത്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010 ല്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് 26 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ പെട്രോള്‍വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് പെട്രോളിനും ഡീസലിനും ഒരു രൂപ വരെ വര്‍ദ്ധിപ്പിക്കുന്നത്.
ഉടന്‍തന്നെ വില വര്‍ദ്ധന പ്രഖ്യാപിക്കുമെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില ഉയര്‍ന്നതാണ് ഇന്ധനവില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണ വില ഉയരുമ്പോള്‍ പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് 11 രൂപയും പാചകവാതകത്തിന് സിലിണ്ടറൊന്നിന് 500 രൂപയും നഷ്ടം വരുന്നു എന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: