ഹോം » ഭാരതം » 

റെയില്‍വേ 500 കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നു

July 28, 2011

ന്യൂദല്‍ഹി: അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ 500 കോടി രൂപക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ റെയില്‍വേ തീരുമാനിച്ചു. 175 ടണ്‍ ശേഷിയുള്ള ക്രെയിനുകള്‍, പ്ലാസ്മാ കട്ടറുകള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ട്രെയിന്‍ ഇവ വാങ്ങാനാണ്‌ റെയില്‍വേയുടെ തീരുമാനം. ഹൈഡ്രോളിക്‌ കോള്‍ഡ്‌ ഹോട്ട്‌ കട്ടറുകള്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ സമ്പാദിക്കുന്നതുവഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നിര്‍വഹിക്കാനാകും. ഇതിനായി ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ്‌ വാങ്ങാനുദ്ദേശിക്കുന്നതെന്ന്‌ ഒരു മുതിര്‍ന്ന റെയില്‍വേ മന്ത്രാലയ വക്താവ്‌ വെളിപ്പെടുത്തി.
ഇപ്പോള്‍ റെയില്‍വേയുടെ പക്കല്‍ 140 ടണ്‍ കപ്പാസിറ്റിയുള്ള ക്രെയിനുകളാണുള്ളത്‌. 175 ടണ്‍ ക്രെയിനുകള്‍ വാങ്ങുന്നതോടെ അപകടഘട്ടങ്ങളില്‍ കൂടുതല്‍ ഭാരം ഉയര്‍ത്താന്‍ റെയില്‍വേ സജ്ജമാകും. സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ വാഗണുകളും കോച്ചുകളും മുറിക്കാന്‍ പ്ലാസ്മ കട്ടറുകള്‍ അത്യന്താപേക്ഷിതമാണ്‌.
ഈ അടുത്തകാലത്ത്‌ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍നിന്നും ഉള്‍ക്കൊണ്ട പാഠം എന്താണെന്ന ചോദ്യത്തിന്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ നൈപുണ്യവും യന്ത്രങ്ങളുടെ ടെക്നോളജിയിലെ നൂതനത്വവും എപ്പോഴും ആവശ്യമാണെന്ന്‌ അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളം 170 അപകട ദുരിതാശ്വാസ ട്രെയിനുകളാണുള്ളത്‌. പക്ഷേ ഇവക്കെല്ലാം എഞ്ചിനുകള്‍ ആവശ്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ സ്വയം ചലിക്കുന്ന അപകട ദുരിതാശ്വാസ തീവണ്ടികളെക്കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നത്‌. അവയ്ക്ക്‌ എഞ്ചിനുകള്‍ ആവശ്യമായി വരില്ല. അപകടനിവാരണപദ്ധതി ട്രെയിന്‍ സന്ദേശം ലഭിച്ച്‌ രാത്രി 40 മിനിറ്റിനകവും പകല്‍ 30 മിനിറ്റിനകവും പുറപ്പെടുന്നതാണ്‌. ഇന്ത്യന്‍ റെയില്‍വേക്ക്‌ അവരുടെ സ്വന്തം വാര്‍ത്താ വിനിമയ ശൃംഖലയും ആശുപത്രി സൗകര്യങ്ങളുമുണ്ട്‌. ഇതിന്‌ പുറമെ റെയില്‍വേ സംരക്ഷണസേന എന്ന സായുധസേനയും റെയില്‍വേക്ക്‌ സ്വന്തം.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick