ഹോം » ലോകം » 

ഇന്ത്യന്‍ കമ്പനിയോട്‌ വിവരങ്ങള്‍ ആവശ്യപ്പെടുന്നു

July 28, 2011

ലണ്ടന്‍: ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ മര്‍ഡോക്കിന്റെ ന്യൂസ്‌ ഇന്റര്‍നാഷണലുമായുള്ള ബന്ധം വ്യക്തമാക്കാന്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്ററി സഭ എച്ച്സിഎല്‍ കമ്പനിയോട്‌ ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന കമ്മറ്റിയുടെ ചെയര്‍മാനായ കേത്ത്‌ വാസ്‌ വിവരങ്ങള്‍ക്കായി എച്ച്സിഎല്‍ ടെക്നോളജിക്ക്‌ കത്തെഴുതിയിട്ടുണ്ട്‌. ന്യൂസ്‌ ഇന്റര്‍നാഷണല്‍ എച്ച്സിഎല്ലിനോട്‌ അവരുടെ മെയിലുകള്‍ മാച്ചുകളയാന്‍ ആവശ്യപ്പെട്ടതും അന്വേഷണവിധേയമാക്കും. മുന്‍ സ്കോട്ടിഷ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടോമി ഷെറിഡാന്റെ വിചാരണയിലാണ്‌ എച്ച്സിഎല്‍ അവരുടെ ഇന്ത്യയിലെ ഓഫീസില്‍ ഇ-മെയില്‍ വിവരങ്ങള്‍ മാച്ചുകളഞ്ഞതായി അറിവായത്‌.

പിന്നീട്‌ ലണ്ടനിലെ ഒരു വെയര്‍ഹൗസില്‍ ഇ-മെയിലുകള്‍ സൂക്ഷിച്ചുവച്ചിരുന്നതായി കണ്ടെത്തി. എച്ച്സിഎല്‍ ടെക്നോളജിക്കയച്ച കത്തില്‍ മൂന്ന്‌ ചോദ്യങ്ങളാണ്‌ വാസ്‌ ഉന്നയിച്ചിരിക്കുന്നത്‌. ന്യൂസ്‌ ഇന്റര്‍നാഷണലിന്‌ എച്ച്സിഎല്‍ ടെക്നോളജിയുമായി കരാറുണ്ടായിരുന്നോ, അവരുടെ ഇ-മെയിലുകള്‍ എച്ച്സിഎല്‍ കമ്പനി ഇന്ത്യയില്‍ സൂക്ഷിക്കാറുണ്ടോ, ന്യൂസ്‌ ഇന്റര്‍നാഷണല്‍ അവരുടെ ഇ-മെയിലുകള്‍ മാച്ചുകളയാന്‍ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നിവയാണ്‌ മൂന്ന്‌ ചോദ്യങ്ങള്‍.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ട ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡിന്റെ ഉടമസ്ഥരായ ന്യൂസ്‌ ഇന്റര്‍നാഷണല്‍ എച്ച്സിഎല്ലിന്റെ ഒരു ഉപഭോക്താവാണ്‌. 2009 ല്‍ ഉണ്ടാക്കി ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ കാര്യങ്ങള്‍ എച്ച്സിഎല്‍ നിര്‍വഹിക്കുന്നുണ്ട്‌.

Related News from Archive
Editor's Pick