ഹോം » കേരളം » 

സര്‍ക്കാര്‍ഭൂമി ക്രൈസ്തവസഭ കയ്യേറിയെന്ന്‌ രേഖ

July 28, 2011

ബത്തേരി : മാനന്തവാടി രൂപത സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി തെളിയിക്കുന്ന രേഖ പുറത്തായി. മാനന്തവാടി രൂപതയുടെ കീഴിലുള്ള ബത്തേരിയിലെ അസംഷന്‍ പള്ളിയും കുരിശുപള്ളിയും സ്കൂളും ഷോപ്പിംഗ്‌ കോപ്ലക്സും നിര്‍മിച്ചത്‌ സര്‍ക്കാര്‍ ഭൂമി കൈയേറിയതായാണ്‌ സര്‍ക്കാര്‍ രേഖയില്‍ വ്യക്തമാകുന്നത്‌. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ലാന്റ്‌ റവന്യുകമ്മീഷണര്‍ക്കയച്ച കത്തില്‍ കയ്യേറ്റം നടന്നു എന്ന്‌ വ്യക്തമാവുന്നുണ്ട്‌.
കോടിക്കണക്കിന്‌ രൂപ വിലവരുന്ന 1.6 ഹെക്ടര്‍ സ്ഥലമാണ്‌ തീര്‍ത്തും നിയമവിരുദ്ധമായി മാനന്തവാടി രൂപതയുടെ കീഴിലുള്ള സഭ കൈവശം വെച്ചനുഭവിക്കുന്നത്‌. ടൗണിന്റെ ഹൃദയഭാഗത്താണ്‌ സര്‍ക്കാര്‍ ഭൂമികൈയേറി പള്ളിയും സ്കൂളും, ഷോപ്പിംഗ്‌ കോപ്ലക്സും നിര്‍മിച്ചത്‌. സ്കൂളും പള്ളിയും ഷോപ്പിംഗ്‌ കോപ്ലക്സും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണം. എന്നാല്‍ ഇത്‌ ലഭിച്ചിട്ടില്ലെന്ന്‌ അറിയുന്നു.
പഞ്ചായത്തും റവന്യൂ അധികാരികളും ഈ തട്ടിപ്പിന്‌ കൂട്ടുനില്‍ക്കുകയായിരുന്നു എന്ന്‌ ആരോപിക്കപ്പെടുന്നു. ഷോപ്പിംഗ്‌ കോപ്ലക്സ്‌ വാടകക്ക്‌ കൊടുത്തിരിക്കുന്നത്‌ വന്‍തുകക്കാണ്‌.
ബത്തേരി താലൂക്കില്‍ ബത്തേരി വില്ലേജില്‍ 538/3, 538/4 എന്നീ സര്‍വേ നമ്പറുകളില്‍പ്പെട്ട 1.2980, 0.3100 ഹെക്ടര്‍ സ്ഥലത്താണ്‌ ഈ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. 0.3100 സര്‍വ്വേ നമ്പര്‍ സ്ഥലത്താണ്‌ ഷോപ്പിംഗ്‌ കോപ്ലക്സ്‌ നിര്‍മിച്ചിട്ടുള്ളത്‌.ഇതിനടുത്തായി 624/2 സര്‍വേ നമ്പറില്‍ 0.36 ഹെക്ടര്‍ സ്ഥലം കൈവശപ്പെടുത്തി മുസ്ലീം പള്ളിയും സ്ഥാപിച്ചിട്ടുണ്ട്‌.
പൊതുസ്ഥലം ന്യൂനപക്ഷമതവിഭാഗങ്ങള്‍ കയ്യേറി കെട്ടിടം സ്ഥാപിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടിയുണ്ടാകാത്തത്‌ ന്യൂനപക്ഷപ്രീണനമാണെന്ന്‌ ഹൈന്ദവ സംഘടനകള്‍ ഇതിനകം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌. സംഭവം ആരുമറിയാതെ ഒതുക്കി തീര്‍ക്കാനാണ്‌ റവന്യൂ അധികാരികള്‍ ശ്രമിച്ചത്‌ പ്രശ്നം വിവാദമാകുമെന്നായപ്പോള്‍ വയനാട്ടിലെ ഒരു മുന്‍ എംഎല്‍എ പള്ളിക്കാരോടൊത്ത്‌ വ്യാജരേഖ ചമക്കാന്‍ തിരുവനന്തുപരത്ത്‌ ശ്രമം ആരംഭിച്ചതായും പറയപ്പെടുന്നു.
കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ ആണയിട്ടുപറയുന്ന മന്ത്രിമാരും നേതാക്കളും ഈ പ്രശ്നത്തില്‍ മൗനം ദീക്ഷിക്കുകയാണ്‌. തൊണ്ണൂറ്‌ കോടിയിലധികം രൂപ വിലമതിക്കുന്ന സ്ഥലമാണ്‌ കൈയേറിയിട്ടുള്ളത്‌.
സ്വന്തംലേഖകന്‍

Related News from Archive
Editor's Pick