ഹോം » പൊതുവാര്‍ത്ത » 

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യാ -പാക്‌ ധാരണ

July 28, 2011

ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ സംബന്ധിച്ച്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യാ-പാക്‌ വിദേശകാര്യമന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാരബന്ധങ്ങള്‍ ശക്തമാക്കുവാനും ടൂറിസം, മതപരമായ സന്ദര്‍ശനങ്ങള്‍ എന്നിവ സുഗമമാക്കുവാനും ധാരണയായിട്ടുണ്ട്‌.
ആഗോളഭീകരതയെ സംയുക്തമായി നേരിടുമെന്നും ദല്‍ഹിയില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണയും പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറും വ്യക്തമാക്കി. 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിലെ കുറ്റവാളികളുടെ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണയില്‍ സംതൃപ്തിയുണ്ട്‌. മാനുഷിക പ്രശ്നങ്ങള്‍, വാണിജ്യ, സാമ്പത്തിക, സമാധാന, സുരക്ഷാ സഹകരണങ്ങള്‍ ശക്തമാക്കണമെന്നും സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ചര്‍ച്ചയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
സപ്തംബറില്‍ ആണവസഹകരണം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ആണവവിദഗ്ധര്‍ ഉള്‍പ്പെടുന്ന യോഗം സംഘടിപ്പിക്കും. ചര്‍ച്ചയില്‍ ഇരുമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. “നിരവധി വെല്ലുവിളികള്‍ നമുക്ക്‌ മുന്നിലുണ്ടെങ്കിലും നമ്മള്‍ ശരിയായ ദിശയിലാണ്‌. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ അനിവാര്യമാണ്‌. അതുകൊണ്ടുതന്നെ അടുത്തവര്‍ഷം ആദ്യപാദത്തില്‍ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ക്കായി വീണ്ടും ചേരും,” മന്ത്രി എസ്‌.എം. കൃഷ്ണ അറിയിച്ചു.
“ഉഭയകക്ഷി ബന്ധം ശക്തമാക്കേണ്ട കാലഘട്ടമാണിത്‌. തടസങ്ങളില്ലാത്ത, നിര്‍വചിക്കാനാവാത്ത നല്ലൊരു ബന്ധം നമുക്കിടയില്‍ സൃഷ്ടിക്കാനാവും. അതിന്‌ ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുടെയും ജനങ്ങളുടെയും ആത്മാര്‍ത്ഥ സഹകരണം അഭ്യര്‍ത്ഥിക്കുന്നു,” പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദശകങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധമായിരിക്കില്ല പുതുതലമുറ കാണുവാനിരിക്കുന്നതെന്നും ഹിന റബ്ബാനി പ്രത്യാശ പ്രകടിപ്പിച്ചു.
ഒരുമാസം മുമ്പ്‌ ഇസ്ലാമാബാദില്‍ നടന്ന സെക്രട്ടറിതല ചര്‍ച്ചയുടെ തുടര്‍ച്ചയാണ്‌ ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിന്റെയും പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറിന്റെയും നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്നത്‌. അതേത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിലെ പുരോഗതിയും മന്ത്രിമാര്‍ വിലയിരുത്തി. ഇന്നലെ രാവിലെ ഹിന റബ്ബാനി ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചിരുന്നു.

Related News from Archive
Editor's Pick